‘ലവ് ജിഹാദ്’ പോലെയുള്ള അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിനുള്ളത് എന്ന ഗുരുതര ആരോപണവുമായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ. ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായാണ് ശ്രീലേഖ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
‘‘ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന ഒരു സര്‍ക്കാര്‍ ആണ് നമ്മക്കുള്ളതെന്നും ദൈവവിശ്വാസമില്ലാത്ത ഒരു സര്‍ക്കാരും ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന ഒരു സര്‍ക്കാര്‍ ആകുമ്പോള്‍ അവര്‍ 100 ശതമാനവും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാറില്ല എന്നും ശ്രീലേഖ വ്യക്തമാക്കി.
2021ല്‍നിന്ന് 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വര്‍ധിച്ചിരിക്കുന്നതെന്ന കണക്കും ശ്രീലേഖ ചൂണ്ടിക്കാട്ടി. അതുപോലെ അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അടച്ചിട്ടപ്പോള്‍ അവര്‍ 112ല്‍ വിളിച്ചിട്ടും സഹായം ലഭിച്ചില്ല എന്നും അവർ പറഞ്ഞു. ഇത് എല്ലാം രാഷ്ട്രീയ പാർട്ടിയുടെ പ്രശ്നം ആണെന്ന് അവർ വ്യക്തമാക്കി.
ഇന്ത്യയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനെയും പ്രധാനമന്ത്രിയെയും പ്രശംസിച്ചു ശ്രീലേഖ സംസാരിച്ചു. ഓപ്പറേഷന്‍ സിന്ദൂർ പോലെ ഒരു വലിയ കാര്യം നടത്തി സ്ത്രീകളുടെ മാനം വരെ സംരക്ഷിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത് എന്നും പക്ഷേ കേരളത്തില്‍ അത് ഇല്ല എന്നുള്ളത് സ്ത്രീകള്‍ ഉള്‍പ്പെടെ മനസിലാക്കണം എന്നും നരേന്ദ്ര മോദിയുടെ അതേ തത്വങ്ങളും ആശയങ്ങളുമുള്ള ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടാവണം എന്നും ശ്രീലേഖ പറഞ്ഞു.
















