കോഴിക്കോട് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് (18) ഷോക്കേറ്റത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു സിനാൻ. അതിനിടയിൽ സിനാനിന്റെ കാൽ തെന്നുകയും വീഴാതിരിക്കാനായി കയറി പിടിച്ചത് റെയിൽപാളത്തിനു മുകളിലുള്ള വൈദ്യുതി ലൈനിൽ ആയിരുന്നു.
ഇതോടെ ഷോക്കേറ്റു സിനാൻ താഴെ വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളി കേട്ടാണ് നാട്ടുകാർ അവിടേക്ക് ഓടി എത്തുന്നത്. നാട്ടുകാർ എല്ലാവരും കൂടെ പൊള്ളലേറ്റ സിനാനെ തൊട്ടടുത്തുളള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമാണെന്നു കണ്ടതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
60 ശതമാനത്തോളം പൊള്ളലേറ്റ സിനാന്റെ നില ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















