ലൈംഗികാരോപണക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ സിനിമാ ലോകത്ത് ചർച്ചയായി സംവിധായകൻ വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘ഇത് കാവ്യനീതിയുടെ കാലം… പുകഴ്ത്തുപാട്ടുകൾക്ക് ശ്രുതിപിഴച്ചൊരു കാലം… പൊയ്മുഖങ്ങൾക്കിതു കഷ്ടകാലം’ എന്ന വിനയന്റെ വാക്കുകൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
രഞ്ജിത്തിനെതിരെയുള്ള നിയമനടപടികളും ഫെഫ്കയിൽ നിന്നുള്ള പുറത്താക്കലും സൂചിപ്പിച്ചുകൊണ്ടാണ് വിനയന്റെ ഈ പ്രതികരണമെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.
മലയാള സിനിമയിലെ ആഭ്യന്തര പ്രശ്നങ്ങളിലും താൻ നേരിട്ട വിലക്കുകളിലും മുൻപും സജീവമായി പ്രതികരിച്ചിട്ടുള്ള വിനയന്റെ ഈ പുതിയ കുറിപ്പ് സിനിമാ ലോകത്തെ അണിയറ രഹസ്യങ്ങളിലേക്കും മാറിയ സാഹചര്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ്. ‘ഇതു കാവ്യ നീതിയുടെ കാലം. കണ്ടകശനി മാറിയ സത്യം. കരുത്തായി മാറുന്ന കാലം. പുകഴ്ത്തുപാട്ടുകൾക്ക്. ശ്രുതിപിഴച്ചോരു കാലം. പൊയ്മുഖങ്ങൾക്കിതു കഷ്ട കാലം’– വിനയൻ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മലയാള ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണനെ ലൈംഗികാതിക്രമ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. 2026 ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് സിനിമയുടെ കാരവാനിനുള്ളിൽ അതിക്രമം കാട്ടിയെന്ന യുവനടിയുടെ പരാതിയെത്തുടർന്നാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 74-ാം വകുപ്പ് ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി മാർച്ച് 31-ന് തൊടുപുഴയിൽ വെച്ച് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു. ഈ സംഭവത്തിന് പിന്നാലെ രഞ്ജിത്തിനെ അനുകൂലിച്ചും പരോക്ഷമായി വിമർശിച്ചും സിനിമാരംഗത്തെ നിരവധിപേരാണ് രംഗത്തെത്തുന്നത്.
















