വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ കെ സി വേണുഗോപാലിനെതിരെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കെ സി വേണുഗോപാലിന്റെ നിലവാരം കുറഞ്ഞു പോകരുത് എന്നും വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് ശീലം ഉള്ളത് കോണ്‍ഗ്രസിനാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. പരാജയഭീതിയില്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇതിനെതിരെയാണ് ജയരാജൻ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം വിഷയത്തില്‍ കെ സി വേണുഗോപാലിന് സിപിഐഎം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പയ്യന്നൂരിലെ വ്യാജ കാര്‍ഡ് ആരോപണത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നിയമനടപടി സ്വീകരിച്ചത്.
















