മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ശ്രദ്ധേയയാണ് മംമ്ത മോഹൻദാസ്. ‘മയൂഖ’ത്തിലൂടെ സിനിമയിലേക്ക് എത്തിയ മംമ്ത നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. അഭിനയം കൊണ്ടു മാത്രമല്ല, കാൻസർ പോരാളിയെന്ന രീതിയിലും ഏറെ പ്രചോദനപരമാണ് താരത്തിന്റെ ജീവിതം.
ബാലിയിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മംമ്ത ഇപ്പോൾ. പൂൾ ബെഡിൽ റിലാക്സ്ഡായി കിടക്കുന്ന മംമ്തയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ജീവിതം തനിക്ക് മുന്നിൽ ഉയർത്തിയ ഓരോ തടസ്സങ്ങളെയും തന്റെ ഇച്ഛാശക്തി കൊണ്ട് മറികടന്ന പോരാളിയാണ് മംമ്ത മോഹൻദാസ്. കരിയറിലെ ആദ്യ പരാജയത്തിലോ, മാരകമായ രോഗാവസ്ഥകളിലോ തളരാതെ, പോസിറ്റീവ് എനർജിയോടെ മുന്നേറുന്ന മംമ്ത അനേകം പേർക്ക് വലിയ പ്രചോദനമാണ്.
ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെ മലയാളത്തിലേക്ക് എത്തിയ മംമ്ത പിന്നീട് ബസ്സ് കണ്ടക്ടര്‍, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി, ബിഗ് ബി, പാസ്സഞ്ചര്‍, കഥ തുടരുന്നു, അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍, ഫൊറൻസിക്, ലാൽ ബാഗ്, മ്യാവൂ, ജനഗണമന എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിനൊപ്പം തെലുങ്കു, കന്നട ഭാഷാചിത്രങ്ങളിലും മംമ്ത അഭിനയിച്ചു. ഗായിക എന്ന രീതിയിലും ഏറെ ശ്രദ്ധേയയാണ് മംമ്ത. മലയാളത്തിൽ പ്രേംപാറ്റയാണ് അണിയറയിൽ ഒരുങ്ങുന്ന മംമ്തയുടെ ഏറ്റവും പുതിയ ചിത്രം.
















