യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. രാവിലെ 10 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്ന രാഹുൽ ഹെലികോപ്റ്റർ മാർഗം ആലപ്പുഴയിലേക്ക് പോകും.
രണ്ട് പരിപാടികളാണ് രാഹുൽ ഗാന്ധിക്ക് ഇന്ന് എറണാകുളം ജില്ലയിലുള്ളത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി നിയമസഭാ മണ്ഡലത്തിലാണ് ആദ്യ പരിപാടി. യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിനായി ഫോർട്ടുകൊച്ചി വെളിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.
കുന്നത്തുനാട് മണ്ഡലത്തിലെ പട്ടിമറ്റത്താണ് മറ്റൊരു പരിപാടി. രാഹുൽ ഗാന്ധിയുടെ വരവിനോട് അനുബന്ധിച്ച് രണ്ട് സ്ഥലങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
ആലപ്പുഴയ്ക്ക് പുറമേ ഇടുക്കി ജില്ലയിലേയും പൊതുപരിപാടികൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി എറണാകുളത്തേക്ക് എത്തുന്നത്. ശക്തമായ മത്സരം നടക്കുന്ന കൊച്ചിയിലും കുന്നത്തുനാട്ടിലും രാഹുൽ ഗാന്ധിയുടെ സന്ദർശനം കൂടുതൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
















