മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (30), മകൾ രാഖി (10), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), ആശ അനിൽ ദർഗോഡെ (32), മകൻ ശ്രേയസ് (11), മകൾ സൃഷ്ടി (14), സഹോദരപുത്രി സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11:30ക്ക് നാസിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരിയിൽ ആണ് സംഭവം നടന്നത്. ഇൻഡോറിൽ നിന്ന് ശിവാജിനഗറിലെ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങിവരുകയായിരുന്നു കുടുംബം. പെട്ടന്നാണ് കാർ നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറി സമീപത്തെ കിണറ്റിലേക്ക് വീണത്.
സംഭവം അറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി കുടുംബത്തെ പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ കിണർ പൂർണമായും വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നതിനാൽ രക്ഷാദൗത്യം ദുഷ്കരം ആയിരുന്നു. പിന്നീട് മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിനുകൾ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്.
കാറിൽ നിന്നും ഒൻപതു മൃതദേഹങ്ങളും പുറത്തെടുത്തു. അപകട സമയത്തു കാറിൽ നിന്നും തെറിച്ചു വെള്ളത്തിൽ വീണ മറ്റൊരു പെൺകുട്ടിക്കായി പ്രത്യേക തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ ദിൻഡോരി പൊലീസ് കേസെടുത്തു.
















