സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ലോകമെങ്ങുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ സ്മരണയിലാണ് വിശ്വാസികൾ ഈ ദിനം ആഘോഷിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു.
സമാധാനം ഇല്ലാത്ത ഒരു ലോകത്തിന്റെ നടുക്ക് ആണ് നമ്മൾ ജീവിക്കുന്നത്. ആരാണ് വലുത് എന്ന ചോദ്യത്തിന് മറുപടി കിട്ടാത്തത് ആണ് പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം. സ്വാർഥത പരാജയപ്പെടുന്നിടത്ത് സ്വർഗരാജ്യം പടുത്തുയർത്തുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിജയം ഭാഷയുടെയും സംസ്ഥാനത്തിന്റെയും വേർതിരിവില്ലാതെ ഒരുരാജ്യം ആയി നിൽക്കുന്നതാണ് എന്നും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അദ്ദേഹം പറഞ്ഞു.
യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ പ്രാർഥനകൾക്ക് നേതൃത്വം നൽകി. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ഈസ്റ്റർ സന്ദേശം നൽകി.
















