തൃശൂരിൽ ബിജെപി വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ 900 രൂപ വിലമതിക്കുന്ന 26 കിറ്റുകൾ പിടിച്ചെടുത്തു.
കിറ്റുകൾ ഓർഡർ ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ബിജെപി നേതാവ് രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം നിരവധി സ്ത്രീകൾ കിറ്റുകൾ വാങ്ങാൻ എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
18 ഇനം സാധനങ്ങൾ അടങ്ങിയ 75 കിറ്റുകളാണ് സൂപ്പർമാർക്കറ്റിന് പിന്നിൽ വിതരണത്തിനായി തയ്യാറാക്കി വച്ചിരുന്നതെന്നും ഇതിൽ 50 എണ്ണം ഇതിനോടകം വിതരണം ചെയ്തതായും കടയുടമ സമ്മതിച്ചു.
സംഭവത്തെ തുടർന്ന് തിരഞ്ഞെടുപ്പ് അധികൃതർ സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടപ്പിച്ചു. സിപിഎം പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ഇലക്ഷൻ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ബിജെപി നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടത്തുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ ആരോപിച്ചു.
















