സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ ദിനം ആഗോള കളക്ഷൻ 10.5 കോടിയാണ്. ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും ചിത്രം കുതിപ്പ് തുടരുകയാണ്.
ആദ്യ ഞായറാഴ്ചയിലും ചിത്രം ഗംഭീര കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 5.04 കോടിയാണ് ചിത്രത്തിന് കേരളത്തില്‍ നിന്ന് മാത്രം അഡ്വാന്‍സായി ലഭിച്ചത്. ഞായറാഴ്ച മാത്രം ഏഴ് കോടിയിലേറെ ചിത്രം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റികളുടെ റിപ്പോർട്ട്. കേരള ബോക്‌സ് ഓഫീസില്‍ ആദ്യ ഞായറാഴ്ചയിലെ ഏറ്റവുമുയര്‍ന്ന അഡ്വാന്‍സ് സെയിലില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ വാഴ 2. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ 8.6 കോടിയും, തുടരും 5.6 കോടിയും നേടി ഒന്നും രണ്ടും സ്ഥാനത്താണ്. വിജയ് നായകനായ ലിയോയെ 4.4 കോടി മറികടന്നാണ് വാഴ 2 മൂന്നാം സ്ഥാനം നേടിയത്.
കേരളത്തിൽ നിന്ന് മാത്രം 5.13 കോടിയാണ് സിനിമ നേടിയത്. മിഡിൽ ഈസ്റ്റ് മാർക്കറ്റിൽ നിന്ന് 3.4 കോടി ആണ് വാഴ 2 നേടിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്.
ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്.
2024 ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
















