പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും തമ്മിൽ ഏപ്രിൽ 5-ന് വൈകുന്നേരം നിർണ്ണായക ഫോൺ സംഭാഷണം നടത്തി. മേഖലയിലെ സംഘർഷം രൂക്ഷമായ ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആറാമത്തെ ചർച്ചയാണിത്.
പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചതായി ജയശങ്കർ തന്റെ എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള സുഗമമായ കപ്പൽ ഗതാഗതം, ഊർജ്ജ വിതരണത്തിലെ ആശങ്കകൾ, മേഖലയിലെ സുരക്ഷ എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. യുദ്ധസാഹചര്യത്തിൽ ഇന്ധന വിലവർധനവും വിതരണ തടസ്സങ്ങളും ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായി.
കൂടാതെ, സംഘർഷ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യ മുൻഗണന നൽകുന്നതായും ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചു.
















