സുൽത്താൻ ബത്തേരിയിലെ സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയിലതികം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി ചെമ്പകപള്ളി വീട്ടിൽ സി.ബി. പ്രവീൺ (26), സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയിൽ വീട്ടിൽ ബേസിൽ വർഗീസ് (26), ബത്തേരി പുന്നശ്ശേരിയിൽ വീട്ടിൽ പി.ആർ. അശ്വിൻ രാജ് (25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ആയിരുന്നു തിരിമറി നടക്കുന്നത്. ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മൂന്നിടത്തെയും അക്കൗണ്ടന്റ് ആയിരുന്നു പ്രവീൺ. ഉടമയെ തെറ്റിദ്ധരിപ്പിച്ച് ജി.എസ്.ടി എന്ന പേരിലും, തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ എന്നിവയുടെ പേരിലും ഏകദേശം ഒരു കോടി 16 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തു.
ഇതുകൂടാതെ ജി.എസ്.ടി തുകകളിൽ തിരിമറി കാണിച്ച് 70 ലക്ഷത്തോളം രൂപയും അതോടൊപ്പം 58 ലക്ഷത്തോളം രൂപ പല തവണകളിലായി സുഹൃത്തുക്കളായ ബേസിൽ, വർഗീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്ത് തട്ടിയെടുക്കുകയും ചെയ്തതെയി കണ്ടെത്തി. ഇതിനുപുറമെ എം.ഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് ഇയാൾ തിരികെ നൽകിയത്.
















