ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ
പ്രതികരണവുമായി നടൻ മഹേഷ് നായർ. സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരെയോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയുടെ പരിവാരങ്ങളെയോ ഒന്നും ഈ വിഷയത്തിൽ പുറത്തു കണ്ടില്ലെന്ന് മഹേഷ് പറയുന്നു.
‘‘അങ്ങനെ സിംഹം കൂട്ടിലായി. അല്ലാ, ഒരു സംശയം. സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരെയോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയുടെ പാർവതി മോക്ഷ പരിവാരങ്ങളുടെയോ പത്രസമ്മേളനം ഒന്നും നടത്തി കണ്ടില്ല. നടൻ ദിലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്ക്കുന്ന ഒരു ഫെമിനിസ്റ്റിനേയും എവിടേയും കണ്ടില്ല.
സജിത മഠത്തിൽ മാത്രം പ്രതികരിച്ചു കണ്ടു. പാവം ഒടുവിലേട്ടൻ..തനിക്കുണ്ടായ വേദനയും, അപമാനവും മരണം വരെ സഹിച്ചു കാണും. കർമഫലം അനുഭവിക്കുക തന്നെ വേണം’’,- മഹേഷ് നായരുടെ വാക്കുകൾ.
അതേമസമയം കേസിൽ അറസ്റ്റിലായ രഞ്ജിത്ത് വീണ്ടും റിമാൻഡിൽ. ലൈംഗികാതിക്രമക്കേസിൽ വിശദമായ ചോദ്യം ചെയ്യലിലും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. തെളിവെടുപ്പ് പൂർത്തിയായതോടെ ഇന്നത്തോടെ കസ്റ്റഡി അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. നാളെവരെ കസ്റ്റഡി ഉണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ള രഞ്ജിത്തിനെ കൂടുതൽ സമയം കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇന്ന് രഞ്ജിത്തിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് വീണ്ടും റിമാൻഡ് ചെയ്തു.
ഫോർട്ടുകൊച്ചി ആസ്പിൻ വാൾ, കൃത്യം നടത്തിയ കാരവൻ എന്നിവിടങ്ങളിൽ രഞ്ജിത്തിനെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. രാവിലെ 10 മണിയോടെ ആസ്പിൻ വാളിലേക്കാണ് രഞ്ജിത്തിനെ എത്തിച്ചത്. ജനുവരിയിൽ ഇവിടെ നടന്ന ഷൂട്ടിങ്ങിനിടെയാണ് കാരവനിൽ വച്ച് യുവനടിയെ രഞ്ജിത്ത് കയറിപ്പിടിച്ചത്. പിന്നീട് മറൈൻ ഡ്രൈവിലെ എ.ആർ ക്യാംപിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന കാരവനിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
കസ്റ്റഡി ഇന്ന് പൂർത്തിയായതോടെ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിച്ചേക്കും. കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും കൃത്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. കേസിൽ രഞ്ജിത്തിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
















