നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ട്വന്റി 20 നേതൃത്വവുമായി തെറ്റി പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു. പാർട്ടിയുടെ എൻ.ഡി.എ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളാണ് പൂജ ജോമോൻ ഉന്നയിച്ചിരിക്കുന്നത്. പാർട്ടി തീരുമാനങ്ങളെ ചോദ്യം ചെയ്തപ്പോൾ സാബു എം. ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയതായും തർക്കത്തിനൊടുവിലാണ് രാജി വെച്ചതെന്ന് പൂജ വ്യക്തമാക്കി. ജനാധിപത്യപരമായ ചർച്ചകൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും ഏകാധിപത്യപരമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
പ്രസിഡന്റിന്റെ രാജിയോടെ പൂതൃക്ക പഞ്ചായത്തിലെ ട്വന്റി 20 ഭരണം അനിശ്ചിതത്വത്തിലായി. 14 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും ട്വന്റി 20-ക്കും ഏഴ് സീറ്റുകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. തുല്യനില വന്നതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ട്വന്റി 20-ക്ക് ഭരണം ലഭിച്ചത്. പൂജയുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ട്വന്റി 20-ക്ക് പഞ്ചായത്ത് ഭരണം കൈവിടേണ്ടി വന്നേക്കും.
ട്വന്റി 20 എൻ.ഡി.എ മുന്നണിയുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. ഇതിനകം തന്നെ നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് മറ്റ് മുന്നണികളിൽ ചേർന്നിരുന്നു.
















