കൂലി സംബന്ധമായ തർക്കത്തെത്തുടർന്ന് ചടയമംഗലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കുരിയോട് പ്രവർത്തിക്കുന്ന ‘സ്പൈസി’ ഹോട്ടൽ ഉടമ സക്കീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക ബെൽത്തങ്ങാടി സ്വദേശി ഇർഷാദിനെ (32) പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തിരുവനന്തപുരം മണ്ണന്തലയിൽ വെച്ചാണ് പോലീസ് വലയിലാക്കിയത്.
രണ്ട് ഹോട്ടലുകളുടെ ഉടമയായ സക്കീർ ഹുസൈനും ഇർഷാദും തമ്മിൽ നേരത്തെ തന്നെ കൂലി സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇർഷാദിന്റെ സ്വഭാവദൂഷ്യവും ജോലിക്ക് കൃത്യമായി വരാത്തതും സക്കീർ ചോദ്യം ചെയ്തിരുന്നു. കുരിയോടുള്ള ഹോട്ടലിലെ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു ഇരുവരും. ജോലി ചെയ്യാതെ ഇരുന്ന ഇർഷാദിനോട് വിവരം തിരക്കാൻ ഹോട്ടലിന്റെ മുകളിലത്തെ മുറിയിലെത്തിയ സക്കീറിനെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സക്കീർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കൃത്യത്തിന് ശേഷം തന്ത്രപരമായി രക്ഷപ്പെടാനാണ് ഇർഷാദ് ശ്രമിച്ചത്. മറ്റൊരു ജീവനക്കാരനെ വിളിച്ച് വരുത്തി, നാട്ടിൽ പോകണമെന്ന് വിശ്വസിപ്പിച്ച് ഇയാൾക്കൊപ്പം ഇരുചക്ര വാഹനത്തിൽ ബസ് സ്റ്റോപ്പിലെത്തി. കാര്യങ്ങൾ അറിയാതെ കൂടെ വന്ന ജീവനക്കാരൻ ഇർഷാദിനെ ബസ്സിൽ കയറ്റി വിടുകയും ചെയ്തു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മണ്ണന്തലയിൽ വെച്ച് ബസ് തടഞ്ഞുനിർത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ഥിരം ജീവനക്കാരൻ നാട്ടിൽ പോയ ഒഴിവിലാണ് ബന്ധുവായ ഇർഷാദ് താൽക്കാലികമായി ജോലിക്ക് എത്തിയത്. ഇടയ്ക്ക് പിണങ്ങിപ്പോയ ഇയാളെ സക്കീർ തന്നെയാണ് തിരികെ വിളിച്ചത്. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
















