ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശി തെക്കിൻതോട്ടത്തിൽ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയുടെ ഉടമ കൂടിയാണ് ഷിജു.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ആനക്കാംപൊയിൽ-പുല്ലൂരാംപാറ റോഡിൽ തെക്കിൻതോട്ടത്തിന് സമീപമാണ് അപകടം നടന്നത്. ബിൻസിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.
അപകടം നടന്നയുടനെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻതന്നെ ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
















