ഒളിച്ചോടിപ്പോയ ഭാര്യയെ പോലീസ് കൗൺസിലിംഗിന് ശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെങ്കട്ടരമണ കോളനിയിൽ താമസിക്കുന്ന 29-കാരിയായ കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് 36-കാരനായ മാലി പട്ടേൽ സിദ്ധ റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു.
സഹീറാബാദ് നഗരത്തിൽ പാനീപൂരി വില്പനക്കാരനായിരുന്നു സിദ്ധ റെഡ്ഡി. തയ്യൽ ജോലി ചെയ്തിരുന്ന കവിത സോഷ്യൽ മീഡിയ വഴിയാണ് മഹബൂബ്നഗർ സ്വദേശിയായ പവൻകുമാർ റെഡ്ഡിയുമായി പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് സിദ്ധ റെഡ്ഡി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കവിത ഇത് ചെവികൊണ്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് 27-നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വീട്ടിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുമായി കവിതയെ കാണാനില്ലെന്ന് സിദ്ധ റെഡ്ഡി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഡ്ചെർലയിൽ പവൻകുമാറിനൊപ്പം കവിത താമസിക്കുന്നതായി പോലീസ് കണ്ടെത്തിയത്.
പോലീസ് കവിതയെ കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയും വിദഗ്ദ്ധ കൗൺസിലിംഗിന് വിധേയയാക്കുകയും ചെയ്തു. തുടർന്ന് സ്വന്തം കുടുംബത്തോടൊപ്പം പോകാൻ പോലീസ് നിർദ്ദേശിച്ചു. ഇതനുസരിച്ച് സിദ്ധ റെഡ്ഡിക്കും പോലീസുകാർക്കുമൊപ്പം സഹീറാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിദ്ധ റെഡ്ഡി കവിതയുടെ കഴുത്ത് അറുക്കുകയായിരുന്നു.
രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കവിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സിദ്ധ റെഡ്ഡിയെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ദമ്പതികൾക്ക് ഒൻപതും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.കുഞ്ഞുങ്ങൾ ഇപ്പോൾ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്.
















