ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ-അറ്റ്ലീ ചിത്രത്തിന്റെ ടീസർ പോസ്റ്റർ പുറത്ത്. അറ്റ്‌ലീയുടെ AA22 x A6 ചിത്രത്തിന്‍റെ ദുരൂഹതകള്‍ നിറഞ്ഞ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഈ ടീസര്‍ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വമ്പന്‍ ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സൺ പിക്‌ചേഴ്‌സ് വൻ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയെന്നാണ് സൂചന.
ഒരു അജ്ഞാത ജീവിയുടേതെന്ന് തോന്നിപ്പിക്കുന്ന, പരുക്കനും ശക്തവുമായ ഒരു കൈയുടെ ചിത്രം ഉൾക്കൊള്ളുന്ന നിഗൂഢമായ പോസ്റ്ററാണ് പുറത്തുവന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ടീസര്‍ പുറത്തുവന്നതോടെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ഇത് ആരുടെ കൈയാണ്? ഈ മുദ്ര എന്താണ് അർത്ഥമാക്കുന്നത്? ഏത് ലോകത്തുനിന്നാണ് ഈ ദൃശ്യം വരുന്നത്? എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്.
ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്തുകൊണ്ട് തന്നെ പ്രേക്ഷകരുടെ ആകാംക്ഷയും ഭാവനയും ഉണർത്താനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ലക്ഷ്യമിടുന്നത്.
സൺ പിക്‌ചേഴ്‌സ്, ഐക്കൺ സ്റ്റാർ അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായിരിക്കും. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഈ പ്രോജക്റ്റ് ഒരുക്കുന്നതെന്നാണ് സൂചന.
അല്ലു അര്‍ജുന്‍റെ പിറന്നാളിനോടനുബന്ധിച്ച് നാളെ ( ഏപ്രില്‍ 8 ) ചിത്രത്തിനക്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിടും. ഇന്ന് പുറത്തുവന്ന ദൃശ്യം സൂചിപ്പിക്കുന്നത് ഇത് വെറുമൊരു സിനിമയല്ല, മറിച്ച് തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിനിമാ ലോകത്തിന്റെ തുടക്കമാണ് എന്നാണ്.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്റർടൈനറുകളിൽ ഒന്നായിരിക്കും എന്നാണ് വിവരം.
ആഗോള തലത്തിൽ വമ്പന്‍ വിജയം നേടിയ ‘പുഷ്പ 2’ വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, ‘ജവാൻ’ എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മാത്രമല്ല ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ വലിയ ശ്രദ്ധയാണ് ഈ ചിത്രം നേടിയത്.
രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം.
സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ചിത്രത്തിനായി വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്.
ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയൺഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ ഒന്നിക്കുന്നത്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാരാണ് സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് വിവരം.
അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം.
















