കൊട്ടിക്കലാശത്തിന്‍റെ ആവേശം അടങ്ങി നിശബ്ദ പ്രചാരണത്തിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള എല്ലാത്തരം പരസ്യ ഇടപെടലുകളും ഒഴിവാക്കണം എന്നാണ് നിർദേശം.
താര പ്രചാരകരും, പ്രമുഖ നേതാക്കളും വാർത്താ സമ്മേളനങ്ങൾ നടത്താനോ മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനോ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും നിർദേശം കർശനമായി പാലിക്കണമെന്ന് ഡോ. രത്തൻ യു. ഖേൽക്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
താര പ്രചാരകരും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളിലൂടെ വോട്ടർമാരെ അഭിമുഖീകരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും. വാർത്താ സമ്മേളനങ്ങൾ വിളിച്ചുചേർക്കുന്നതിനും തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളിൽ പ്രത്യേക അഭിമുഖങ്ങൾ നൽകുന്നതിനും വിലക്കുണ്ട്.
















