കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നല്‍കി കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖില്‍. ഏപ്രില്‍ 5ന് കാട്ടാക്കടയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ, മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷപരവും പ്രാകോപനപരവുമായ പ്രസംഗം നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ‘പ്രോ-പാക്കിസ്ഥാന്‍’ ശക്തികള്‍ നിയന്ത്രണം പിടിക്കുമെന്ന് പറഞ്ഞതോടൊപ്പം, ഹിന്ദു-ക്രിസ്ത്യന്‍ വനിതകള്‍ ‘ലവ് ജിഹാദ്’ വഴി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോപിച്ചുവെന്നുമാണ് പരാതി.
ഈ പ്രസംഗം സമൂഹത്തില്‍ മതവൈരവും ഭിന്നതയും സൃഷ്ടിക്കുന്നതാണെന്നും, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായസംഹിത (BNS 2023) പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണിതെന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 1951ലെ ജനപ്രതിനിധി നിയമത്തിലെ മതം, ജാതി, വര്‍ഗം തുടങ്ങിയവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെതിരായ വ്യവസ്ഥകളുടെയും ലംഘനമാണ് ഇതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും, അന്വേഷണം ആരംഭിക്കാനും ഡിജിപിയും തിരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരനായ ജെ.എസ്. അഖിലിന്റെ ആവശ്യം.
















