ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് നിർദേശം നൽകി കേന്ദ്രസർക്കാർ. ഇന്ന് പുറത്തു വിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്.
ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുള്ള സുരക്ഷിത പാതകൾ ഉപയോഗിച്ച് മാത്രമേ മടക്കം സാധ്യമാക്കാവൂ എന്നും എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുതെന്നും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി നാല് അടിയന്തര ഫോൺ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) [email protected] എന്ന ഇമെയിൽ വിലാസവും ലഭ്യമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ, 48 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ വീടിനുള്ളിൽതന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കണമെന്നും ആയിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ ഇത് പുതുക്കി എത്രയും പെട്ടന്ന് രാജ്യം വിടണം എന്നാണ് നൽകിയിരിക്കുന്നത്.
















