മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച സുഹൃത്തുക്കൾക്കൊപ്പം മൈസൂർ കാണാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. മൈസൂരുവിലെ ബന്നൂരിലെ വെള്ളക്കെട്ടിലാണ് യുവാവിനെ കാണാതായത്. തുടർന്ന് ഫയർഫോഴ്സും റസ്ക്യൂ സംഘങ്ങളും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ നിർത്തുകയായിരുന്നു.
ഇതേത്തുടർന്ന് വയനാട് കൽപറ്റയിലെ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ പ്രത്യേക അനുമതി വാങ്ങി പുലർച്ചെ ഒരു മണിയോടെ മൈസൂരിൽ എത്തി. എന്നാൽ അധികൃതരിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് അനുമതി ലഭിക്കാത്തതിനാൽ പുലർച്ചെ വരെ കാത്തിരുന്ന ശേഷമാണ് തിരച്ചിൽ നടത്തിയത്.
തുടർന്ന് ഇന്ന് രാവിലെ തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങൾ മൃതദേഹം വെള്ളക്കെട്ടിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. മൈസൂരുവിൽ എൽഎൽബി വിദ്യാർഥിയാണ് മരിച്ച ഷബ്നാസ്.
















