കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സൂപ്പർ താരം മോഹൻലാൽ എത്തി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുകൾ ബൂത്തിലാണ് അദ്ദേഹം തന്റെ വോട്ടവകാശം വിനിയോഗിച്ചത്. മറ്റ് വോട്ടർമാർക്കൊപ്പം വരിയിൽ നിന്നാണ് താരം ബൂത്തിനകത്തേക്ക് പ്രവേശിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ മിനിറ്റുകളിൽ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തി എന്നത് ശ്രദ്ധേയമായി.
ബൂത്തിലെത്തിയ മോഹൻലാലിനെ നേമത്തെ പ്രമുഖ സ്ഥാനാർത്ഥികളായ എൽഡിഎഫിന്റെ വി. ശിവൻകുട്ടിയും യുഡിഎഫിന്റെ കെ.എസ്. ശബരീനാഥനും നേരിട്ട് കണ്ട് സംസാരിച്ചു. വിഐപി പരിഗണനകൾ ഒന്നുമില്ലാതെ വരിയിൽ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
പോളിങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ പ്രമുഖർ വോട്ട് ചെയ്യാനെത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്ന മുടവൻമുകൾ സ്കൂളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തി. എറണാകുളം തേവര ഫിഷറീസ് സ്കൂളിലാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ലീഗ് സംസാഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ രാവിലെ തന്നെ വോട്ട് ചെയ്തു.
പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുടുംബത്തോടൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഗുരുവായൂരിലെ ദേവസ്വം സ്കൂളിലാണ് സുരേഷ്ഗോപി വോട്ട് രേഖപ്പെടുത്താനെത്തിയത്.
രാവിലെ എഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണ് വിധിയെഴുതുക. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണൽ നടക്കും. 140 മണ്ഡലങ്ങളിലായി 883 വോട്ടർമാരാണ് മത്സരരംഗത്തുള്ളത്.
















