ധർമ്മടം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീട്ടിൽ നിന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം നടന്നാണ് അദ്ദേഹം വോട്ടിങ് കേന്ദ്രത്തിലെത്തിയത്. കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പാണ് ഇതെന്നും എല്ലാ മേഖലകളിലും വികസനം കൈവരിച്ച എൽഡിഎഫ് സർക്കാരിന് മാത്രമേ പ്രതിബദ്ധതയോടെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്ലാത്ത ഭരണം ഉറപ്പാക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അഴിമതി കുറവാണെന്ന പദവി ലഭിച്ചത് സർക്കാരിന്റെ ഈ നിലപാട് കാരണമാണെന്നും ഇത് മറ്റ് മുന്നണികളെ കൊണ്ട് സാധിക്കില്ലെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കെതിരായ പോരാട്ടവും വികസന നേട്ടങ്ങളും മുൻനിർത്തി ജനങ്ങൾ എൽഡിഎഫിന് വലിയ വിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
















