കാസർകോട് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഒളിക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് പോളിംഗ് ബൂത്തിനുള്ളിൽ പ്രവേശിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റും അഭിഭാഷകനുമായ എം. ജമാലിനെയാണ് അധികൃതർ പിടികൂടിയത്.
ബേക്കൽ ഇസ്ലാമിക് എ.എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. വോട്ടെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നതിനിടെ ജമാലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു . തുടർന്ന് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അതീവ രഹസ്യമായി ക്യാമറ ഘടിപ്പിച്ച കണ്ണട കണ്ടെത്തിയത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പിടിച്ചെടുത്ത ‘സ്പൈ ഗ്ലാസ്’ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റി.സംഭവത്തിൽ കർശന നടപടി സ്വീകരിക്കാനാണ് പോലീസ് നീക്കം.
















