മയിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും നിലവിൽ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
മുണ്ടേരിക്കടവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കിണർ നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജോലിക്കായി കിണറ്റിലിറങ്ങുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർ അപ്രതീക്ഷിതമായി പൊട്ടി ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. ആഴമേറിയ കിണറ്റിലേക്ക് വീണ ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടൻ തന്നെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. ഉടൻതന്നെ അഗ്നിരക്ഷാസേനയും നാട്ടുകാരും കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരിച്ച തൊഴിലാളികളുടെ മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
















