കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. അടുത്തിടെ ഇറങ്ങിയ നടന്റെ സിനിമകൾ ഒക്കെയും അതിന് ഉദാഹരങ്ങളാണ്. ഇപ്പോഴിതാ വലിയൊരു സിഗ്നൽ തന്നിരിക്കുകയാണ് നടൻ. താനൊരു വാമ്പയറായി വരുന്നത് ചിന്തിച്ചിട്ടുണ്ടോ എന്നാണ് മമ്മൂക്ക ചോദിക്കുന്നത്. അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
അഭിമുഖത്തിന്റെ അവസാന ഭാഗത്ത് “എപ്പോഴെങ്കിലും ഞാൻ ഒരു വാമ്പയർ വേഷം ചെയ്യുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ?” എന്ന് മമ്മൂട്ടി തന്നെ അപ്രതീക്ഷിതമായി ചോദിക്കുകയായിരുന്നു. ഈ ചോദ്യം കേട്ട് അമ്പരന്ന അനുപമ ചോപ്ര, അങ്ങനെയൊന്ന് സംഭവിക്കുമോ എന്ന് ആകാംക്ഷയോടെ ചോദിച്ചപ്പോൾ “സസ്പെൻസ്” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത്തരമൊരു വേഷം താങ്കൾ ചെയ്താൽ അത് ഗംഭീരമായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തപ്പോൾ “ഇൻഷാ അള്ളാ…” എന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തു.
പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്ത് എത്തി. ഇക്ക തന്നത് വലിയൊരു സിഗ്നലാണെന്നും അണിയറയില്‍ വലുതെന്തോ വരാനിരിക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. അഞ്ചു പതിറ്റാണ്ടിലേറെയായി സിനിമയിലുള്ള താരം സമീപകാലത്ത് ഭ്രമയുഗം, കാതൽ തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ട പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ ‘വാമ്പയർ’ പരാമർശം വെറുമൊരു തമാശയല്ലെന്നും അണിയറയിൽ എന്തോ വലുത് ഒരുങ്ങുന്നുണ്ടെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ. ലോക ചാപ്റ്റര്‍ 2ന്‍റെ കാര്യമാകും മമ്മൂട്ടി പറഞ്ഞതെന്നും ആരാധകർ പറയുന്നുണ്ട്.
അതേസമയം, മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമ പേട്രിയറ്റ് ആണ് റിലീസിന് തയ്യാറെടുക്കുന്നത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ മോഹൻലാൽ മമ്മൂട്ടി എന്നീ നടനമാരുടെ സ്റ്റാര്‍ഡത്തിന് സ്ഥാനമില്ലെന്നും ഉള്ളടക്കത്തിനാണ് പ്രാധാന്യം എന്നും മമ്മൂട്ടി പറഞ്ഞു.
















