കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ താരത്തിന്റെ വിവാഹം വൻ നിയമവിവാദത്തിലേക്ക്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയതോടെയാണ് നടപടികൾ കർശനമാക്കിയത്. പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും കേസിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. ഇതനുസരിച്ച് വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമാണ് പ്രായം. വ്യാജ രേഖകൾ ചമയ്ക്കാൻ സഹായിച്ചവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ വ്യക്തമാക്കി.
















