തമിഴ് സൂപ്പർ താരം വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നതിൽ സെൻസർ ബോർഡിനെ പഴിച്ച് നടനും രാജ്യസഭാഗവുമായ കമൽ ഹാസൻ. ചോർച്ച യാദൃച്ഛികമല്ലെന്നും വ്യവസ്ഥിതിയുടെ പരാജയത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിലെ അമിതമായ കാലതാമസമാണ് പൈറസിക്ക് അവസരം നൽകിയതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ജനനായകൻ ചോർച്ച യാദൃച്ഛികമല്ല- വ്യവസ്ഥിതിയുടെ പരാജയത്തിന്റെ ഫലമാണ്. നിയമപരമായ നടപടിക്രമങ്ങൾ സമയത്ത് പൂർത്തിയായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിൽ ന്യായീകരിക്കാൻ കഴിയാത്ത കാലതാമസമുണ്ടായതാണ് ചോർച്ചയ്ക്ക് വളംവെച്ചത്. നിയമപരമായ വഴികൾ അടയുമ്പോൾ, അനധികൃതമായ വാതിലുകൾ തുറക്കുന്നു’, കമൽഹാസൻ കുറിച്ചു.
‘പൈറസി രാഷ്ട്രീയത്തിന് അതീതമാണ്. അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ്. അത് നൂറുകണക്കിന് കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ജോലിയെയും, നികുതി അടയ്ക്കുന്ന നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ എന്നിവരുടെ നിക്ഷേപങ്ങളെയും അപകടത്തിലാക്കുന്നു; നമ്മൾ സ്‌നേഹിക്കുന്ന സിനിമയെ നിലനിർത്തുന്നത് ഇവരുംകൂടെ ചേർന്നാണ്. വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ, നിർമാതാക്കളെ ആര് സംരക്ഷിക്കും?. ധാർമിക ഉത്തരവാദിത്തവും വേഗത്തിലുള്ള സർട്ടിഫിക്കേഷനും അതിന്റെ കർശനമായ നടപ്പാക്കലും അനിവാര്യമാണ്. യഥാർഥ സിനിമ പ്രേമികൾ ഒന്നിച്ച്, മുമ്പ് എന്നോടൊപ്പം നിന്നതുപോലെ, നിയമപരമായി തിയേറ്ററുകളിൽ സിനിമ കണ്ട് ഉചിതമായ പ്രതികരണം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ‘ജനനായകൻ’, സെൻസർ ബോർഡിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി റിലീസ് വൈകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലറിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
















