ഒരു പിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടനാണ് ജിബിൻ ഗോപിനാഥ്. ഡീയസ് ഈറെ, കളങ്കാവൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് ജിബിൻ. ഇപ്പോഴിതാ തമിഴിൽ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം.
തമിഴിൽ വെട്രിമാരൻ സിനിമയിൽ മുഖം കാണിക്കുക എന്നതാണ് ഏതൊരു നടന്റെയും ആഗ്രഹങ്ങളിലെന്ന്. ആ ആഗ്രഹത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ജിബിൻ ഗോപിനാഥ്. വെട്രിമാരൻ-ചിമ്പു കൂട്ടുകെട്ടിൽ തയ്യാറാകുന്ന അരസനിൽ ഒരു പ്രധാനവേഷത്തിൽ ജിബിൻ പ്രേക്ഷകർക്ക് മുന്നിലെത്തും.
”തമിഴിൽ സിനിമ ചെയ്യാൻ ഞാനായിട്ട് ഇതുവരെ ശ്രമിച്ചിട്ടില്ല. ഒരാഗ്രഹം മാത്രമാണ് ഉള്ളിലുണ്ടായിരുന്നത്. വെട്രിമാരൻ സിനിമയിലൂടെ അത് നിറവേറ്റാനായതിൽ അതിയായ സന്തോഷമുണ്ട്- ജിബിൻ പറഞ്ഞു. ഭീഷ്മർ ആണ് ജിബിൻ ഗോപിനാഥിന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം.
ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിമ്പുവിനൊപ്പം വിജയ്‌സേതുപതി, യോഗലക്ഷ്മി, ജോൺ വിജയ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.
















