തെന്നിന്ത്യയൊട്ടാകെ സെൻസേഷണൽ ആയ സംഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കാർ. ‘പവഴമല്ലി’ എന്ന സായ് അഭ്യങ്കാറിന്റെ മ്യൂസിക് വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരുന്നു. സോഷ്യൽ മീഡിയയിലെല്ലാം ഈ പാട്ട് ഉണ്ടാക്കിയ ഓളം ഇപ്പോഴും തുടരുകയാണ്. 90 മില്യണിലധികം കാഴ്ചക്കാരാണ് ഈ മ്യൂസിക് വീഡിയോ നേടിയത്.
നടി കയാദു ലോഹറും വിഡിയോയിൽ സായ് അഭ്യങ്കാറിനൊപ്പം എത്തിയിരുന്നു. അടുത്തിടെ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പവഴമല്ലിയിലേക്ക് വന്നത് എങ്ങനെയാണെന്ന് കയാദു പറഞ്ഞിരുന്നു.
“ഒരു ദിവസം പാതിരാത്രിയായപ്പോൾ എന്റെ മാനേജർ എന്നെ വിളിച്ചിട്ട് പറഞ്ഞു, സായ്ക്ക് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞുവെന്ന്. ഏതെങ്കിലും പാട്ടിനെക്കുറിച്ച് പറയാനോ അല്ലെങ്കിൽ മറ്റെന്തിങ്കിലും ആയിരിക്കുമെന്ന് എനിക്ക് മനസിലായി.
പുലർച്ചെ 2 മണിക്ക് എന്നെ വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു, കയാദു ഞങ്ങളുടെ കയ്യിൽ മനോഹരമായ ഒരു പാട്ട് ഉണ്ട്. നീയും അതിന്റെ ഭാഗമാകാണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് ഗംഭീരമാകുമെന്ന് ഞാൻ കരുതുന്നു, നീയാണ് അതിന് ഏറ്റവും അനുയോജ്യ ആയ ആൾ. ഞാൻ പറഞ്ഞു, ഇത് കേട്ടിട്ട് എനിക്ക് തമാശയായി തോന്നുന്നു.
ആ പാട്ട് എനിക്ക് അയച്ചു തരൂ എന്ന്”. – കയാദു പറഞ്ഞു. ‘പവഴമല്ലി’ എന്ന ഗാനം തന്നിൽ പെട്ടെന്ന് ഒരു മതിപ്പ് സൃഷ്ടിച്ചുവെന്നും അത് ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും കയാദു പറഞ്ഞു. “അത് ഞാൻ ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നി. അത് ശരിക്കും സംസ്കാരമൊക്കെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കല്യാണപാട്ട് ആയിരുന്നു.
അതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം അല്ലെങ്കിൽ തിരിച്ചുവരാം എന്ന് ഞാൻ കരുതി. ഡാൻസ് ഞാൻ പഠിച്ചിട്ടില്ലെങ്കിലും നന്നായി ആസ്വദിക്കുന്നയാളാണ് ഞാൻ”.- കയാദു പറഞ്ഞു. വെറും രണ്ട് ദിവസം കൊണ്ടാണ് പവഴമല്ലിയുടെ ഡാൻസ് പ്രാക്ടീസ് നടത്തിയതെന്നും കയാദു പറഞ്ഞു. “എന്റെ ഫങ്കി എന്ന സിനിമയുടെ ഷൂട്ടിങും പ്രൊമോഷനും നടക്കുന്ന സമയമായിരുന്നു അപ്പോൾ. അതുകൊണ്ട് തന്നെ എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ചെന്നൈയും ഹൈദരാബാദുമായി ഞാൻ ഓട്ടമായിരുന്നു. പക്ഷേ അത് വളരെ രസകരമായിരുന്നു”.- കയാദു പറഞ്ഞു.
















