നടി ഗ്രേസ് ആന്റണിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നു. ഗ്രേസുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയപ്പോൾ ഭർത്താവും സംഗീതസംവിധായകനുമായ എബി സിറിയക് നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിയൊരുക്കിയത്.
18 വയസ്സിൽ പരിചയപ്പെട്ട ഗ്രേസിനെ തനിക്കുവേണ്ട രീതിയിൽ മാറ്റിയെടുക്കുകയായിരുന്നുവെന്ന എബിയുടെ വാക്കുകളാണ് വിമർശനത്തിന് ഇടയാക്കിയത്. മൈൽസ്റ്റോൺ മേക്കേഴ്സ് യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.
‘18-ാം വയസ്സിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. 19 വയസ്സിലൊക്കെയാണ് ഞങ്ങൾ പ്രണയത്തിലാവുന്നത്. അന്ന് ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ് (ഗ്രേസ്). ഞാൻ എനിക്കുവേണ്ട രീതിയിൽ ഗ്രൂം ചെയ്‌തെടുത്തതാണ്,’ എന്നായിരുന്നു എബിയുടെ വാക്കുകൾ. ഇതുകേട്ട ഗ്രേസ്, ‘വളർത്തിയെടുത്തു’ എന്നുകൂടെ കൂട്ടിച്ചേർത്തു. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഇരുവരും ഇക്കാര്യം അവതരിപ്പിച്ചത്.
അഭിമുഖത്തിൽനിന്നുള്ള ഭാഗം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിനെതിരെ കടുത്ത വിമർശനവും ഉയർന്നു. തനിക്കുവേണ്ടി പങ്കാളിയെ മാറ്റിയെടുത്തെന്ന് അവകാശപ്പെടുന്നത് സ്ത്രീവിരുദ്ധമായ പരാമർശമാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വിമർശനം ഉയർന്നു.
ഇരുവർക്കും അതിൽ തെറ്റൊന്നും കാണാൻ സാധിക്കുന്നില്ലെങ്കിൽപ്പോലും മറ്റൊരാളെ തനിക്കുവേണ്ടി മാറ്റിയെടുത്തുവെന്നത് തമാശയായി അവതരിപ്പിച്ച് പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇത്തരം പരാമർശങ്ങളെ ഒരിക്കലും കാൽപനികവത്കരിക്കാൻ പാടില്ലെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.
അതേസമയം, വിമർശകർക്ക് പരോക്ഷമറുപടിയമായി ഗ്രേസ് ആന്റണി എത്തി. എബിയെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിന്റെ ക്യാപ്ഷനിലാണ് ഗ്രേസിന്റെ മറുപടി. ‘പെർഫെക്ട് ഗ്രൂമിങ് ഏട്ടായി’ എന്നായിരുന്നു ഗ്രേസിന്റെ അടിക്കുറുപ്പ്. സുഹൃത്തുക്കൾക്കൊപ്പം ഗ്രേസും എബിയും കാറിൽ സഞ്ചരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഗ്രേസാണ് കാർ ഓടിക്കുന്നത്. ഈ വിഡിയോയ്ക്കെതിരെയും വ്യാപക വിമർശനം ഉയർന്നു. ‘ഗ്രൂമിങ് എന്നൊക്കെ തമാശയായി പറയാനുള്ളതല്ല. അതും ഒരു പബ്ലിക് ഫിഗർ, പബ്ലിക് പ്ലാറ്റഫോമിൽ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒരു സെലിബ്രിറ്റി എന്ന നിലയിൽ അൽപം കൂടി ഉത്തരവാദിത്തം ആകാമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
















