കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നു എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അന്വേഷണ സംഘം. എന്നാൽ, പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മധ്യപ്രദേശ് സർക്കാർ പിന്നീട് തിരുത്തൽ വരുത്തിയോ എന്ന സംശയം പൊലീസ് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ ഉന്നയിക്കുന്നു.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന വിവാഹത്തിന് മുൻപ് പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ പ്രായപൂർത്തിയായതായി വ്യക്തമാക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 2025 ജൂണിൽ ലഭ്യമാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻകാർഡും എടുത്തത്. വിവാഹസമയത്ത് ക്ഷേത്ര ഭാരവാഹികൾക്കും പഞ്ചായത്തിനും നൽകിയത് ഈ രേഖകളാണെന്നും അതിനാൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവാഹത്തിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവായത്. പെൺകുട്ടി ജനിച്ച ആശുപത്രിയിലെ രേഖകൾ പ്രകാരം ജനനത്തീയതി 2009 ഡിസംബർ 30 ആണ്. ഇതനുസരിച്ച് വിവാഹ വേളയിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ. ആശുപത്രിയിൽ നിന്നുള്ള ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയ സർട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സർട്ടിഫിക്കറ്റ് പിന്നീട് അനുവദിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ആദ്യ ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതാണോ എന്ന് കണ്ടെത്താൻ മധ്യപ്രദേശിൽ നേരിട്ടെത്തി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്പി അറിയിച്ചു. രേഖകളിൽ ബോധപൂർവ്വം മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ മധ്യപ്രദേശ് സർക്കാരിൽ നിന്നും പൊലീസ് വിവരം തേടും.
















