കോഴിക്കോട് തിരക്കേറിയ പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഒരു ബസിന്റെ ചില്ല് ജീവനക്കാർ അടിച്ചുതകർത്തു. സംഭവത്തെത്തുടർന്ന് കസബ പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 7:15 ഓടെ ആയിരുന്നു സംഭവം.കോഴിക്കോട് – മുക്കം – തിരുവമ്പാടി റൂട്ടിലോടുന്ന ‘അസാറോ’, ‘മാധവം’ എന്നീ ബസുകളിലെ ജീവനക്കാരാണ് സ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. ഇന്ന് പുലർച്ചെ ചാത്തമംഗലത്ത് വെച്ച് സമയക്രമത്തെച്ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയായാണ് ബസുകൾ പാളയത്തെത്തിയപ്പോൾ സംഘർഷമുണ്ടായത്. മാധവം ബസിന്റെ ചില്ലുകളാണ് അക്രമത്തിൽ തകർന്നത്.
അസാറോ ബസിലെ ജീവനക്കാരനാണ് മാധവം ബസിന് നേരെ അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് പ്രകോപനമില്ലാതെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നുവെന്നാണ് പരാതി. യാത്രക്കാർ ബസിനുള്ളിൽ കയറുന്ന സമയത്തായിരുന്നു ഈ അതിക്രമം നടന്നത്.
















