വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷ്ടിക്കപ്പെട്ടു. കൊട്ടാരം കുടുംബാംഗമാണെന്ന് വിശ്വസിപ്പിച്ച് പൂജാരിയുടെ കൈക്കൽ നിന്നും സ്വർണ്ണരൂപം വാങ്ങിയ വ്യക്തി ദർശനത്തിനിടെ ഇതുമായി കടന്നുകളയുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
വിഷുദിനത്തിൽ പുലർച്ചെ നാലരയോടെയാണ് പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ക്ഷേത്ര വിഗ്രഹത്തിൽ ചാർത്തിയത്.
അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള അതിവിശിഷ്ടമായ കാണിപ്പൊന്നാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വെച്ച് തൊഴുന്നതിനായി ശ്രീകോവിലിനുള്ളിൽ നിന്നും പൂജാരി ഈ കാണിപ്പൊന്ന് നൽകാറുണ്ട്. ഈ ആചാരത്തിന്റെ മറപിടിച്ചാണ് പ്രതി മോഷണം നടത്തിയത്. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ ഒരാൾ താൻ കൊട്ടാരം പ്രതിനിധിയാണെന്ന് പൂജാരിയെ ധരിപ്പിക്കുകയും തുടർന്ന് കയ്യിൽ ലഭിച്ച കാണിപ്പൊന്ന് ഭക്തിപൂർവ്വം തൊഴുന്നതായി അഭിനയിച്ച് തന്ത്രപൂർവ്വം കൈക്കലാക്കി മുങ്ങുകയുമായിരുന്നു.
















