സിനിമാക്കാരനാവുന്നതിനു മുന്‍പ് ഡെന്നീസ് ജോസഫ് കട്ട് കട്ട് എന്ന പ്രസിദ്ധീരണത്തിന്‍റെ സബ് എഡിറ്ററായിരുന്നുവെന്ന് ആലപ്പി അഫ്റഫ് പറയുന്നു. അന്ന് അദ്ദേഹം പ്രസിദ്ധീകരിച്ച നടി ഖദീജയുടെ അഭിമുഖവും അതിലെ വെല്ലുവിളിയും ഏറെ വിവാദം സൃഷ്ടിച്ചു എന്നും ആലപ്പി അഷ്റഫ് പറഞ്ഞു. സിനിമയിലെ അണിയറ രഹസ്യങ്ങളും വിവാദങ്ങളും ഒക്കെ ചെയ്തിരുന്നത് ഡെന്നിസ് ആയിരുന്നു. നടി ഖദീജയുടെ അഭിമുഖമാണ് കട്ട് കട്ടില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിലൂടെ ഖദീജ ഉയര്‍ത്തിയൊരു വെല്ലുവിളി ഉണ്ടായിരുന്നു. നിര്‍മാതാവിന്‍റേയും സംവിധായകന്‍റേയും കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടിയുണ്ടെങ്കില്‍ പറയട്ടെ. ഞാന്‍ വെല്ലുവിളിക്കുന്നു എന്നായിരുന്നു..ആലപ്പി അഷ്റഫ് പറഞ്ഞു
അഷ്റഫിന്റെ വാക്കുകൾ…
കൂടെ കഴിഞ്ഞതുകൊണ്ടോ കൂടെ കിടന്നതുകൊണ്ടോ ഉണ്ടാകുന്നതോ അറിയുന്നതോ അല്ല സ്നേഹം. ഒരാൾക്ക് മറ്റൊരാൾ അയാൾ ആഗ്രഹിക്കുമ്പോൾ തുണയായും ഇണയായും കൂടെ ഉണ്ടാകുമ്പോൾ ഉണ്ടാകുന്നതും അറിയുന്നതുമാണ് യഥാർഥ സ്നേഹം. എന്തും ഏതും വിലപ്പെട്ടതായി തോന്നുക രണ്ട് ഘട്ടങ്ങളിലാണ് ഒന്നുകിൽ അത് ലഭിക്കുന്നതിനു മുൻപ് അല്ലെങ്കിൽ അത് നഷ്ടമാകുമ്പോൾ. ജേർണലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി മലയാളി മനസ്സിനെ കീഴടക്കിയ ഡെന്നീസ് ജോസഫ് എന്ന കലാകാരന്റെ സിനിമ ജീവിത വഴികളിലൂടെ നമുക്കൊന്ന് കടന്നു ചെല്ലാം. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആദ്യകാല സിനിമ ജീവിതത്തിൽ ഒരു വമ്പൻ മുന്നേറ്റത്തിന് വഴിവെച്ച കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. മമ്മൂട്ടിക്ക് ‘ന്യൂഡൽഹി’ എന്ന ചിത്രത്തിലൂടെയും മോഹൻലാലിന് ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെയും ആയിരുന്നു അത്.
ഇവർ രണ്ടുപേരെയും സൂപ്പർ നായക പദവിയിലേക്ക് എത്തിക്കുന്നതായിരുന്നു ഈ രണ്ടു ചിത്രങ്ങളും. ‘ന്യൂഡൽഹി’ എന്ന ചിത്രം മദ്രാസിൽ നൂറു ദിവസം പിന്നിട്ട ചിത്രമാണ്. ഞാൻ ആ ചിത്രം കാണുന്നത് മദ്രാസിലെ സഫയർ തിയറ്ററിൽ നിന്നുമാണ്. തമിഴ്നടൻ ത്യാഗരാജൻ അവതരിപ്പിച്ച സേലം വിഷ്ണു എന്ന കഥാപാത്രത്തെ തുഴലുകളാൽ ബന്ധിപ്പിച്ചു കൊണ്ടുവരുന്ന ഇൻട്രോ കയ്യടികളോടെയും ആർപ്പുവിളികളോടെയും വിസിലടികളോടെയും തിയറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതിപ്പോഴുംഎന്റെ ഓർമയിലുണ്ട്. രജനീകാന്ത് അക്കാലത്ത് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു. ‘ന്യൂഡൽഹി’ എന്ന ചിത്രം കണ്ട രജനികാന്ത് ഹിന്ദിയിൽ ആ ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് തനിക്ക് അതിൽ മമ്മൂട്ടി ചെയ്ത റോൾ ചെയ്യാൻ താല്പര്യമുണ്ടെന്ന് അറിയിച്ചതായി ഡെന്നിസ് എന്നോട് പറഞ്ഞിരുന്നു.
എന്നാൽ രജനികാന്തിന്റെ ആ ആഗ്രഹത്തെ തള്ളിക്കൊണ്ട് അന്നത്തെ ഹിന്ദിയിലെ സൂപ്പർസ്റ്റാർ ആയിരുന്ന ജിതേന്ദ്രയെ വച്ചായിരുന്നു ആ ചിത്രം റീമേക്ക് ചെയ്തത്. അതിനുള്ള കാരണമായി പറയുന്നത് രജനികാന്ത് കഥയിൽ ചില മാറ്റങ്ങൾ വരുത്തണം എന്ന നിർദ്ദേശം വയ്ക്കുകയുണ്ടായി. എന്നാൽ സംവിധായകൻ ജോഷി ആ നിർദ്ദേശം അംഗീകരിക്കാൻ തയാറായില്ല. പ്രശസ്ത മലയാള ചലച്ചിത്ര താരമായ ജോസ് പ്രകാശിന്റെ ഇളയ സഹോദരിയുടെ പുത്രനാണ് ഡെന്നിസ് ജോസഫ്. അദ്ദേഹം പഠിച്ചതാകട്ടെ സിനിമയും കലയുമായി യാതൊരു ബന്ധവുമില്ലാത്ത ഫാർമസി കോഴ്സ് ആണ്. എന്നാൽ തൻറെ അമ്മാവന്മാരായ ജോസ് പ്രകാശും പ്രേം പ്രകാശും ഒക്കെ തിരഞ്ഞെടുത്തത് സിനിമ ജീവിതം ആയതുകൊണ്ടാകാം ഡെന്നിസും ആ വഴിയിലേക്ക് തിരിഞ്ഞത്. തന്നെയുമല്ല അടുത്ത സുഹൃത്തുക്കളുംസഹപാഠികളും ഒക്കെ ആയിരുന്ന ഗായത്രി അശോകനും മലയാള മനോരമയുടെ ഫോട്ടോഗ്രാഫർ ആയിരുന്ന അന്തരിച്ച വിക്ടർ ജോർജും ക്യാമറമാൻ സണ്ണി ജോസഫും ഒക്കെ സിനിമയിലേക്ക് കടന്നുവരുവാൻ പ്രചോദനം നൽകിയ സുഹൃത്ത് വലയങ്ങൾ ആയിരുന്നു.
ഡെന്നിസ് ജോസഫ് ആദ്യമായിട്ട് സിനിമയുമായി ബന്ധപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നത് ഒരു സിനിമ പ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്റർ ആയാണ്. സിനിമയെയും സിനിമക്കാരെയും ഹാസ്യരൂപേണ ആക്ഷേപിക്കുന്ന ‘കട്ട് കട്ട്’ എന്ന പ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്റർ. കട്ട് കട്ട് ഉടമയായ ഏലിയാസ് ഈരാളിയെ കുറിച്ച് പരാമർശിക്കാതെ ഡെന്നിസ് ജോസഫിന്റെ സിനിമ ചരിത്രം പൂർണമാകില്ല. അന്നത്തെ കാലത്ത് ഒന്നര ലക്ഷത്തോളം കോപ്പികൾ വിറ്റിരുന്ന പ്രസിദ്ധീകരണമായിരുന്നു കട്ട് കട്ട്. കാർട്ടൂണിസ്റ്റ് യേശുദാസ് ആയിരുന്നു അതിന്റെ ചീഫ് എഡിറ്റർ എന്നാൽ സിനിമയിലെ അണിയറ രഹസ്യങ്ങളും വിവാദങ്ങളും ഒക്കെ കൈകാര്യം ചെയ്യാൻ ഈരാളി ഏൽപ്പിച്ചിരുന്നത് ഡെന്നിസ് ജോസഫിനെ ആയിരുന്നു. ഞാൻ ഓർക്കുന്നുണ്ട് ആദ്യമായി ഒരു അഭിമുഖം കട്ട് കട്ടിൽ പ്രസിദ്ധീകരിച്ചിരുന്നത് നടി ഖദീജയുടെതായിരുന്നു. ആ അഭിമുഖത്തിലൂടെഇവിടെ ഖദീജ ഉയർത്തിയ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. നിർമാതാവിന്റെയും സംവിധായകരുടെയും കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടി ഉണ്ടെങ്കിൽ പറയട്ടെ, ഞാൻ വെല്ലുവിളിക്കുന്നു എന്നായിരുന്നു. അത് പുറത്തുവന്നപ്പോൾ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും ഒക്കെ വഴിവെക്കുകയും ചെയ്തു.
മലയാള സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഒരു നിർമാതാവായിരുന്നു ഈരാളി. നിർഭാഗ്യം എന്ന് പറയട്ടെ അത്രത്തോളം ശ്രദ്ധയോ പ്രാധാന്യമോ മലയാള സിനിമ അദ്ദേഹത്തിന് നൽകിയിട്ടില്ല. അതിനുള്ള കാരണം അദ്ദേഹം ഇടിച്ചുതള്ളി എവിടെയും കയറാറില്ല എന്നതാണ്. തന്നെയുമല്ല മറ്റുള്ളവരെ മുൻനിരയിൽ എത്തിക്കുവാനും അവർക്ക് പ്രാധാന്യം ലഭിക്കുന്നതിനും ആയിരുന്നു അദ്ദേഹം മുൻഗണന നൽകിയിരുന്നത്. ഈ അടുത്ത് പ്രിയദർശന്റെ ഒരു ഹിന്ദി സിനിമ ലൊക്കേഷനിൽ ഈരാളി ചെന്നിരുന്നു. ‘ഒപ്പം’ എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്നു അവിടെ നടന്നിരുന്നത് സെയ്ഫ് അലി ഖാൻ ആയിരുന്നു അതിലെ നായകൻ. അദ്ദേഹത്തിന് ഈരാളിയെ പ്രിയൻ പരിചയപ്പെടുത്തി കൊടുത്തത് താങ്കളുടെ അമ്മയെ നായികയാക്കി മലയാള സിനിമ നിർമിച്ച നിർമാതാവാണ് എന്ന് പറഞ്ഞായിരുന്നു. ഇത് കേട്ട സൈഫ് അലി ഖാൻ ഈരാളിയെയുടെ മുഖത്ത് ആശ്ചര്യത്തോടെ നോക്കി നിന്നു.
പ്രിയൻ പറഞ്ഞത് ശരിയാണ് സെയ്ഫ് അലി ഖാന്റെ മാതാവായ ഷർമിള ടാഗോറിനെ വെച്ച് ‘ചുവന്ന ചിറകുകൾ’ എന്ന മലയാള ചിത്രം നിർമിച്ചത് ഈരാളിയായിരുന്നു. ഈരാളി സെയ്ഫ് അലി ഖാന് തന്റെ അമ്മ അഭിനയിച്ച ആ ചിത്രത്തിലെ ഒരു ഗാനരംഗം യൂട്യൂബിൽ കാണിച്ചു കൊടുത്തു. യാമിനി ദേവി യാമിനി എന്ന് തുടങ്ങുന്ന ഗാനം കണ്ട സെയ്ഫ് അലി ഖാൻ വലിയ സ്നേഹവും സന്തോഷവും ഒക്കെയാണ് ഈരാളിയോട് പ്രകടിപ്പിച്ചത്. കുറച്ചുനാൾ പിന്നിട്ടപ്പോൾ സൈഫ് അലി ഖാന്റെ ഒരു മെസ്സേജ് പ്രിയൻ മുഖേന ഈരാളിക്ക് ലഭിക്കുകയുണ്ടായി. അമ്മ ആ വിഡിയോ കണ്ടു അമ്മയ്ക്ക് വളരെ സന്തോഷമായി നന്ദിയുണ്ട് നമുക്ക് താമസിയാതെ നേരിൽ കാണാം എന്നൊക്കെയായിരുന്നു ആ മെസ്സേജിന്റെ ഉള്ളടക്കം. ഈരാളിയുടെ ‘ചുവന്ന ചിറകുകൾ’ എന്ന ചിത്രത്തിന് അധികം ആരും അറിയാത്ത ഒരുചരിത്രം കൂടിയുണ്ട്, കമല്‍ഹാസൻ സെറീന വഹാബ് ജോഡികൾ അഭിനയിച്ച മദനോത്സവം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് അതിന്റെ സംവിധായകൻ എൻ ശങ്കരൻ നായർ ചുവന്ന ചിറകുകൾ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
ആ ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ജെറി അമൽ ദേവിനെ സംഗീത സംവിധാനം ചെയ്യാൻ കൊണ്ടുവരുന്നത് അതിലേക്കായി നാല് പാട്ടുകൾ റിക്കാർഡ് ചെയ്യുകയും ചെയ്തു. എന്നാൽ സംവിധായകന്റെ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി മദനോത്സവത്തിലെ പാട്ടുകൾ സൂപ്പർ ഹിറ്റ് ആക്കിയ സെലിൻ ചൗധരിയെ കൊണ്ട് തന്നെ വീണ്ടും പാട്ടുകൾ ചെയ്യിക്കുകയാണ് ഉണ്ടായത്. ജെറിയെ അതിൽ നിന്നും ഒഴിവാക്കിയെങ്കിലും ഒരു വർഷത്തിനുള്ളിൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിക്കൊണ്ട് ഒരു വമ്പൻ കടന്നുവരവ് തന്നെ അദ്ദേഹം നടത്തി. ഈരാളി പറയുന്നു, അന്ന് ചുവന്ന ചിറകുകൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ജെറിയുടെ നാല് ഗാനങ്ങളാണ് പിന്നീട് ‘പുന്നാരം ചൊല്ലി ചൊല്ലി’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ഈരാളി ശർമിള ടാഗോറിനെ വെച്ച് മാത്രമല്ല ചിത്രം എടുത്തിട്ടുള്ളത് കമല്‍ഹാസനെ നായകനാക്കി ‘അന്തിവെയിലിലെ പൊന്നെന്ന’ മലയാള ചിത്രവും നിർമ്മിച്ചിട്ടുണ്ട് കമല്‍ഹാസന്റെ ‘ഏക് ദുജേ കേലിയേ’ എന്ന ഹിന്ദി ചിത്രം ഇന്ത്യ മുഴുവൻ കത്തി കാളി നിൽക്കുന്ന സമയത്താണ് ഈരാളിക്ക് കമല്‍ഹാസൻ ഡേറ്റ് കൊടുത്തത് എന്ന് ഓർക്കണം എന്നാൽ ഈരാളിയുടെ ഈ രണ്ട് ബിഗ് ബജറ്റ് പടങ്ങളും ദയനീയ പരാജയം ഏറ്റുവാങ്ങുകയാണ് ഉണ്ടായത്. പിന്നീട് ഈരാളി നിരവധി ചിത്രങ്ങൾ എടുത്തു എങ്കിലും ഒന്നും തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചില്ല അവസാനം തന്റെ കട്ട് കട്ട് പ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്റർ ആയിരുന്ന ഡെന്നിസ് ജോസഫ് മലയാള സിനിമയുടെ നെടും തൂണായി നിന്നിരുന്ന സമയത്ത്, തന്റെ പഴയ മുതലാളിയുടെ തകർന്നുനിൽക്കുന്ന ദയീനായവസ്ഥ കണ്ട് മനസ്സലിഞ്ഞ് ഈരാളിയെ സഹായിക്കാൻ തീരുമാനിച്ചു. ഈരാളിക്ക് വേണ്ടി വെറും ഒരു രൂപ മാത്രം പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ഈരാളിയോട് രണ്ട് കഥകൾ ഡെന്നീസ് പറയുന്നു ഇതിൽ ഏത് വേണമെന്ന് ഈരാളിക്ക് തന്നെ തീരുമാനിക്കാം.
ഈരാളിക്ക് ആദ്യം പറഞ്ഞ കഥ ഒട്ടും ഇഷ്ടമായില്ല രണ്ടാമത്തെ കഥയാണ് ഈരാളി തിരഞ്ഞെടുത്തത്, അതാണ് ‘അഥർവം’ എന്ന മമ്മൂട്ടി ചിത്രം അത് കലക്‌ഷനിൽ ഒരു പരാജയമായിരുന്നു. എന്നാൽ ഈരാളിയോട് ആദ്യം പറഞ്ഞ കഥ അതായത് ഈരാളിക്ക് ഇഷ്ടപ്പെടാത്ത തള്ളികളഞ്ഞ കഥ. അതായിരുന്നു കോട്ടയം കുഞ്ഞച്ഛൻ അത് ഒരു പണം വാരി ചിത്രമായി അങ്ങ് മാറി. ഇവിടെ സഹായിക്കാൻ ആളുണ്ടായിട്ടും ഭാഗ്യം ഈരാളിയെ തുണച്ചില്ല. ഞാൻ എപ്പോഴും ഈരാളിയെ കാണുമ്പോഴൊക്കെ പറയും ഈ പടങ്ങളൊക്കെ ഓടിയിരുന്നെങ്കിൽ ഈരാളി ഒരു ധാരാളിയായി മാറിയേനെ എന്ന്. ഈരാളിക്ക് ഇനിയും ധാരാളിയാകുവാൻ സമയം ധാരാളമുണ്ട്. കാരണം ഈരാളിയുടെ മകൻ വിഷ്ണു ഈരാളി സംവിധാന രംഗത്തേക്ക് കടക്കുകയാണ്. പ്രിയദർശന്റെ ശിഷ്യനായിരുന്നു വിഷ്ണു.
ഈരാളിക്ക് ഇനിയും മകനിലൂടെ ഭാഗ്യം വന്നു ചേരും. കാരണം ഈരാളിനല്ല മനസ്സിന്റെ ഉടമയാണ് വന്ന വഴി മറക്കാത്ത എഴുത്തുകാരനും സംവിധായകനും ഒക്കെയാണ് ഡെന്നീസ് ജോസഫ് എന്ന് നമുക്ക് അടിവരയിട്ട് പറയാം. അതിനൊരു ഉദാഹരണമായി ഈരാളിയുടെ കഥ പറഞ്ഞു എന്ന് മാത്രം. തന്നെ കൈപിടിച്ചുയർത്തിയവരോടുള്ള നന്ദിയും കടപ്പാടും ഒക്കെ ഡെന്നീസ് പലപ്പോഴും വെളിപ്പെടുത്തിയിരുന്നു അത് ജെസി ആയാലും ജൂബിലി ജോയി ആയാലും ജോഷി ആയാലും. ഇവരൊക്കെ തന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വഴിതെളിച്ചവരാണെന്ന് ഡെന്നീസ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ‘നിറക്കൂട്ട്’, ‘രാജാവിന്റെ മകൻ’, ‘ന്യൂ ഡൽഹി’, ‘ആകാശദൂത്’, ‘സംഘം’, ‘കോട്ടയം കുഞ്ഞച്ചൻ’, ‘ഇന്ദ്രജാലം’ തുടങ്ങി എത്രയെത്ര ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്കായി സമ്മാനിച്ചിട്ടുള്ളത്.
എന്നോട് അദ്ദേഹത്തിന് വലിയ സ്നേഹവും ഇഷ്ടവും ഒക്കെ ആയിരുന്നു ഞാൻ തുളസിദാസിനെ സംവിധായകനാക്കി ഒരു ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ കഥ എഴുതുവാനായി ഡെന്നിസ് ജോസഫിന് ഒരു അഡ്വാൻസും കൊടുത്തിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അന്നത് നടക്കാതെ പോയി. അങ്ങനെ എന്റെ ആ മോഹവും നടക്കാതെ പോയി. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടവും അദ്ദേഹത്തെ സ്നേഹിച്ചിരുന്നവർക്കൊക്കെ ഒരു തീരാവേദനയായും ഇന്നും നിലനിൽക്കുകയാണ്. 2021 മേയ് 10ന് 64 ആമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം യാത്രയായത്. അന്ന് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായതിനാൽ അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒന്ന് കാണാൻ സാധിച്ചില്ല എന്നത് അദ്ദേഹത്തെ സ്നേഹിച്ചിരുന്നവർക്കെല്ലാം ഒരു തീരാവേദന തന്നെയാണ്. പ്രിയ ഡെന്നീസിന്റെ ആത്മാവിന് നിത്യശാന്തി നേർത്തുകൊണ്ട് നിർത്തുന്നു.
















