ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ എൻ.എസ്.എസ് ഉന്നയിച്ച വാദങ്ങളെ കടന്നാക്രമിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട ക്ഷേത്രങ്ങളിൽ ആർക്കൊക്കെ പ്രവേശനം നൽകാമെന്ന് ആ വിഭാഗം തന്നെ തീരുമാനിക്കണമെന്ന എൻ.എസ്.എസിന്റെ നിലപാടിനെ ബോർഡ് അതിശക്തമായി എതിർത്തു. എട്ടു പേജുള്ള വിശദമായ കുറിപ്പാണ് ദേവസ്വം ബോർഡ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് കൈമാറിയത്.
കഴിഞ്ഞ വ്യാഴാഴ്ച എൻ.എസ്.എസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളാണ് പുതിയ തർക്കങ്ങൾക്ക് വഴിതുറന്നത്. ഒരു പ്രത്യേക സമുദായവുമായോ വിഭാഗവുമായോ ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ പ്രവേശന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ആ വിഭാഗത്തിന് അവകാശമുണ്ടെന്നായിരുന്നു എൻ.എസ്.എസിന്റെ നിലപാട്. എന്നാൽ, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി ക്ഷേത്രപ്രവേശനം നിശ്ചയിക്കാനുള്ള അധികാരം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.
പൊതുക്ഷേത്രങ്ങളിൽ ജാതിയുടെയോ വർഗ്ഗത്തിന്റെയോ ലിംഗഭേദത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരുവിധ വിലക്കുകളും തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ബോർഡ് അറിയിച്ചു. ഇത്തരം വിവേചനങ്ങൾ ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യനീതിക്ക് വിരുദ്ധമാണ്. ക്ഷേത്രങ്ങൾ പൊതു ഇടങ്ങളാണെന്നും അവിടെ പ്രവേശനം അനുവദിക്കുന്നതിൽ വിവേചനം പാടില്ലെന്നും ബോർഡ് ആവർത്തിച്ചു.
പ്രവേശന കാര്യത്തിൽ വിവേചനം പാടില്ലെന്ന് വ്യക്തമാക്കുമ്പോൾ തന്നെ, ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർ അവിടുത്തെ ആചാരമര്യാദകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ബോർഡ് കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
















