ബിഹാറിൽ ഭാരതീയ ജനതാ പാർട്ടിയുടെ സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹാസ്‌നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബീഹാറിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഈ സത്യപ്രതിജ്ഞയ്ക്കുണ്ട്.
പുതിയ ഭരണസംവിധാനത്തിൽ ജെ.ഡി.യു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിതീഷ് കുമാറിന്റെ അധികാര ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ് ബിഹാർ പുതിയ നേതൃത്വത്തിലേക്ക് മാറിയിരിക്കുന്നത്. നിതീഷ് കുമാർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജി സമർപ്പിച്ചതോടെയാണ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായത്.
















