‘തുടരും’ എന്ന ബ്ലോക്ബസ്റ്റർ സിനിമയ്ക്ക് ശേഷം മോഹൻലാല്‍-തരുണ്‍ മൂർത്തി കോമ്പോ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘അതിമനോഹരം’ എന്നാണ് ചിത്രത്തിന്റെ പേര്. വിഷു ആശംസയ്ക്കൊപ്പം മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അയ്യപ്പഭക്തന്മാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാനാവുക. ‘ടി.എസ് ലൗലാജൻ’ എന്ന വേറിട്ട പേരുള്ള പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്തിറങ്ങിയ, പൊലീസ് വേഷത്തിലുള്ള മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്ററും ഏറെ ശ്രദ്ധനേടിയിരുന്നു.
ചിത്രത്തിൽ നായികയായി എത്തുന്നത് മീരാ ജാസ്മിൻ ആണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. രതീഷ് രവിയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തൊടുപുഴ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാകുമെന്നാണ് സൂചനകൾ.
ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. അതിമനോഹരത്തിനു വേണ്ടിയാണ് ഏറെക്കാലത്തിനു ശേഷം മോഹൻലാൽ താടി വടിച്ചത്. ക്ലീൻ ഷേവ് ലുക്കിലുള്ള മോഹൻലാലിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
















