ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ വെട്ടുകാട് വീട്ടിൽ ശരത്ത് (28) ആണ് പിടിയിലായത്. തച്ചോത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ സഫിയ (72) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഫിയയെ പുറത്തുകാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ആദ്യം തന്നെ ദുരൂഹതകൾ നിഴലിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമികമായി സൂചിപ്പിച്ചിരുന്നെങ്കിലും, സഫിയ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി സഫിയയുടെ വീട്ടിലെ നാളികേരവും മറ്റും നീക്കം ചെയ്യുന്നതിന് സഹായിയായി ശരത്ത് എത്താറുണ്ടായിരുന്നു. സഫിയ തനിച്ചാണെന്നതും അവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം വീടിന്റെ പിൻവാതിലിലൂടെ അകത്തുകയറിയ പ്രതി, ആഭരണങ്ങൾ തട്ടിയെടുക്കാനായി വയോധികയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്നുണ്ടായ ആഘാതത്തിലാണ് സഫിയ മരണപ്പെട്ടതെന്ന് പോലീസ് കരുതുന്നു.
മോഷണത്തിന് ശേഷം പ്രതി കടന്നുകളയുകയും ആഭരണങ്ങൾ സ്വന്തം വീടിന്റെ കുളിമുറിയിൽ ഒളിപ്പിക്കുകയും ചെയ്തു. മൂന്ന് സ്വർണ്ണ വളകളും ഒരു മാലയുമാണ് പോലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ ശരത്ത് കുറ്റം സമ്മതിച്ചു.
















