തലസ്ഥാന നഗരത്തിത് പാളയത്തെ പെട്രോൾ പമ്പിൽ കവർച്ച നടത്തി മുങ്ങിയ പ്രതി പോലീസ് പിടിയിൽ . 60 ഓളം മോഷണക്കേസുകളിൽ പ്രതിയായ മലപ്പുറം പൊന്നാനി സ്വദേശി പി.എം. തഫ്സീർ ദർവേഷിനെയാണ് (30) കൊച്ചിയിൽ നിന്ന് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ നടന്ന കവർച്ചയ്ക്ക് ശേഷം ഒളിവിൽ പോയ ഇയാളെ അന്വേഷണത്തിനൊടുവിലാണ് എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു പാളയം പള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പിൽ മോഷണം നടന്നത്. പമ്പ് അടച്ച ശേഷം ജീവനക്കാർ ഇല്ലാതിരുന്ന സമയം നോക്കിയെത്തിയ പ്രതി, ഓഫീസ് മുറിയുടെ വാതിലും ലോക്കറും തകർത്താണ് പണം കവർന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായ 1.80 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്. കവർച്ചയ്ക്ക് ശേഷം ഒട്ടോറിക്ഷയിൽ കയറി പ്രതി സ്ഥലം വിടുകയായിരുന്നു.
പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മ്യൂസിയം പോലീസിന് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്ന് പ്രതി തഫ്സീർ ദർവേഷ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്തു. ഇയാൾ എറണാകുളം ഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് വിവരം കൊച്ചി സിറ്റി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടി.മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്ന എറണാകുളം സെൻട്രൽ പോലീസ് സംഘമാണ് ഇയാളെ ലോഡ്ജിൽ നിന്ന് പൊക്കിയത്.
















