ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പാളം മുറിച്ചുകടക്കുന്നതിനിടെയും ട്രെയിനിൽ നിന്ന് പുറത്തിറങ്ങി നിന്നവർക്കിടയിലേക്കും മറ്റൊരു ട്രെയിൻ പാഞ്ഞുകയറി അഞ്ചുപേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം പച്ദേവ്ര ഹാൾട്ട് ഓവർ ബ്രിഡ്ജിന് സമീപമാണ് നാടിനെ നടുക്കിയ ഈ ഇരട്ട അപകടം സംഭവിച്ചത്. മരിച്ചവരിൽ ബിഹാർ സ്വദേശി ബലിറാം ഭഗത് (36), മിർസാപുർ സ്വദേശി സുനിൽകുമാർ, ഫിറോസാബാദ് സ്വദേശി ആകാശ് എന്നിവരെ തിരിച്ചറിഞ്ഞു. മറ്റ് രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൽക്ക എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചതായിരുന്നു അപകടങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ, എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയിൽ ജനറൽ കോച്ചുകളിലെ യാത്രക്കാർ പുറത്തിറങ്ങി പാലത്തിലേക്ക് നിൽക്കുകയായിരുന്നു. ഈ സമയത്താണ് മറ്റൊരു ട്രാക്കിലൂടെ വന്ന പുരുഷോത്തം എക്സ്പ്രസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചു.
യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാലത്തിൽ ഇറങ്ങി നിന്നതാണ് രണ്ടാമത്തെ വലിയ അപകടത്തിന് കാരണമായതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് റെയിൽവേ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഹൗറ-ഡൽഹി റൂട്ടിലെ ട്രെയിൻ ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൻ ദുഃഖം രേഖപ്പെടുത്തി. സംഭവസ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
















