കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ചെമ്പ് വള കൊണ്ട് ക്രൂരമർദ്ദനം. ചെറുവണ്ണൂരിലെ പള്ളിദർസിലെ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമിൽ, അബ്ദുൽ ഹാദി എന്നിവർക്കാണ് മർദ്ദനമേറ്റത്. സന്തോഷ്, സുരേഷ് എന്നിവരാണ് ആക്രമിച്ചത്. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം നടന്നത്. ദർസിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലിൽ ചുമരെഴുതാൻ പോയതായിരുന്നു ഇവർ. ഇന്നലെ രാവിലെ തന്നെ വീട്ടിലെ ഉടമസ്ഥരോട് ചുമരിൽ എഴുതാൻ അനുവാദം വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുപേരും കൂടി ചുമരെഴുതാൻ വേണ്ടി രാത്രി സ്ഥലത്ത് എത്തിയത്.
രാത്രി എത്തിയവർ ഒന്നുകൂടി വീട്ടുകാരോട് സംസാരിക്കാൻ ചെന്നു. ഇതിനിടയിലാണ് അവിടെയുണ്ടായിരുന്ന സന്തോഷും സുരേഷും കൂടി കുട്ടികളോട് മോശമായി സംസാരിക്കുന്നത്. ആദ്യം വിശ്വാസപരമായ കാര്യങ്ങൾ പറയുകയും പിന്നീട് ഇറാൻ ഇസ്രായേൽ യുദ്ധത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്തു. തുടർന്നായിരുന്നു കുട്ടികളെ ചെമ്പ് വള കൊണ്ട് ക്രൂരമായി മർദ്ദിച്ചത്.സംഭവത്തിൽ പള്ളി ദർസിലെ അധ്യാപകൻ അപ്പോൾ തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് എടുത്തില്ല.
















