ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വി. വത്സന് തിരിച്ചടി. പ്രശോഭ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി തള്ളി. ബലാത്സംഗം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. കേസിൽ നിർണ്ണായക വഴിത്തിരിവായി അതിജീവിത ഇന്നലെ കോടതിയിൽ നേരിട്ടെത്തി ഇൻ-ക്യാമറ നടപടികളിലൂടെ ജഡ്ജിക്ക് രഹസ്യമൊഴി നൽകിയിരുന്നു. ഇതോടെ പ്രതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് വേഗത്തിൽ നീങ്ങുമെന്നാണ് സൂചന.
താമസസ്ഥലത്തെത്തി തന്നെ പീഡിപ്പിച്ചുവെന്നും, ഉന്നത കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുമായുള്ള അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയെത്തുടർന്നാണ് കേസന്വേഷണം ആരംഭിച്ചത്.
















