ലയണല്‍ മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അമീറ ഐഷാ ബീഗം ആരാണെന്ന് വ്യക്തമാക്കണമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. മുന്‍ കായിക മന്ത്രിക്ക് വേണ്ടി ഇമെയില്‍ ഇടപാട് നടത്തിയത് കോളജ് അധ്യാപികയായ അമീറയാണ്. പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് അമീറ. തൃശൂര്‍ ചെറുതുരുത്തി സ്വദേശിയാണ് ഇവര്‍.
മന്ത്രിക്ക് ഇമെയില്‍ തയ്യാറാക്കി നല്‍കിയത് അമീറയാണ്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ഇവര്‍ ആശയവിനിമയം നടത്തിയിരുന്നു. ഇമെയില്‍ കോപ്പി ഇവര്‍ക്ക് അയച്ചതുമായി ബന്ധപ്പെട്ടാണ് അമീറയുടെ പേര് ഉയര്‍ന്നുവന്നത്. ഭര്‍ത്താവിന്റെ സുഹൃത്ത് വഴിയാണ് മന്ത്രിയെ പരിചയപ്പെട്ടത് എന്നാണ് അമീറ ഐഷാ ബീഗം നല്‍കുന്ന വിശദീകരണം. പ്രതിഫലം വാങ്ങാതെയാണ് കാര്യങ്ങള്‍ ചെയ്തതെന്നും ഇവര്‍ പറഞ്ഞു.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന വി.അബ്ദുറഹ്മാന്റെ വാദം ഒ.ജെ ജെനീഷ് തള്ളി. സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടല്‍ നടന്നു. മുന്‍ കായികമന്ത്രിയുടെ വിദേശയാത്രയില്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ മന്ത്രി അബ്ദുറഹ്മാന്റെ വിദേശയാത്രക്ക് ചെലവായിട്ടുണ്ടെന്നും മന്ത്രി ഒ.ജെ ജെനീഷ് പറഞ്ഞു.
ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയതായി കായികമന്ത്രി ഒ.ജെ. ജനീഷ്. ഒരു സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തശേഷം സര്‍ക്കാരിന് ചില്ലിക്കാശ് നഷ്ടമുണ്ടായിട്ടില്ല എന്നുപറയുന്നതില്‍ അര്‍ഥമില്ല. ഇതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
കേന്ദ്ര അനുമതിക്കായി അപേക്ഷകള്‍ നല്‍കുന്നതിലടക്കം മന്ത്രിയുടെ വകുപ്പ് നേരിട്ട് ഇടപെട്ടതായും ഇത് ഔദ്യോഗിക ചാനലുകളിലൂടെയായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗോട്ട് ആഡ് എന്ന പരസ്യ കമ്പനി ഇ മെയില്‍ അയച്ചതില്‍നിന്നാണ് ഈ നീക്കങ്ങളുടെ തുടക്കം. ഇ മെയില്‍ അയക്കുന്നതിന് 20 ദിവസംമുന്‍പ് മാത്രമാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വെറും ഒരുലക്ഷം രൂപമാത്രം പെയ്ഡ് ക്യാപിറ്റലുള്ള, രജിസ്റ്റര്‍ ചെയ്ത് 20 ദിവസംമാത്രം പിന്നിട്ട ഈ കമ്പനിയുടെ വിശ്വാസ്യതയോ മുന്‍പരിചയമോ പരിശോധിക്കാതെയാണ് ലോകപ്രശസ്തനായ ഒരു താരത്തെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മന്ത്രിയുടെ ഔദ്യോഗികവും വ്യക്തിപരവുമായ ഇ മെയിലുകള്‍വഴി രണ്ടുവര്‍ഷത്തോളം നീണ്ട ഈ കത്തിടപാടുകള്‍ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല. ഇത്രയും കാലം ഈ കമ്യൂണിക്കേഷന്‍ മറച്ചുവെച്ചതില്‍ സ്വകാര്യ താത്പര്യങ്ങളുണ്ടെന്ന ആരോപണമുണ്ടെന്നും ജനീഷ് അറിയിച്ചു.
ഈ കമ്യൂണിക്കേഷനുകളില്‍ അമീറ ആയിഷ ബീഗം എന്ന സ്ത്രീയുടെ പേര് പരാമര്‍ശിക്കപ്പെട്ടതും അവര്‍ക്ക് മന്ത്രി കത്തുകളുടെ കോപ്പി അയച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കേരള ഫുട്ബോള്‍ അസോസിയേഷനേയോ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനേയോ ഈ ചര്‍ച്ചകളില്‍ ഒരിടത്തും പങ്കാളികളാക്കിയില്ല എന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
മുന്‍ മന്ത്രിയുടെ സ്പെയിന്‍ യാത്രയ്ക്കായി 14 ലക്ഷം രൂപയോളം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവായത് സാമ്പത്തിക നഷ്ടമായിത്തന്നെ കണക്കാക്കാവുന്നതാണ്. 126 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറിനെക്കുറിച്ച് പറയുമ്പോഴും അതില്‍ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള ബാധ്യതകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടില്ല. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള സ്വകാര്യ ഏജന്‍സികള്‍ക്കായി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗംചെയ്തത് അതീവ ഗൗരവതരമാണെന്നും ഇക്കാര്യത്തില്‍ ധന, നിയമ വകുപ്പുകളുടേയും മറ്റു ഏജന്‍സികളുടേയും വിശദമായ അന്വേഷണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

















