മനസ്സിലെ കനലുകൾ അണയ്ക്കാനും തിരമാലകളുടെ സംഗീതം കേട്ട് സ്വപ്നം കാണാനും ആഗ്രഹിക്കുന്നവർക്ക് വർക്കല ഒരു വികാരമാണ്. ചെങ്കുത്തായ പാറക്കെട്ടുകൾക്ക് താഴെ അറബിക്കടൽ ചുംബിച്ചു നിൽക്കുന്ന ഈ മനോഹര തീരം, ഏതൊരു സഞ്ചാരിക്കും ഒരു പ്രണയിനിയെപ്പോലെയാണ്. ആകാശത്തിന്റെ നീലിമയും കടലിന്റെ ആഴവും ചേരുന്ന വർക്കല ബീച്ച് (പാപനാശം), ഓരോ സന്ദർശകന്റെയും ഉള്ളിലെ ആകുലതകളെ മായ്ച്ച് കളഞ്ഞ് പുതിയൊരു ഉന്മേഷം പകരുന്നു.
വർക്കലയുടെ അടയാളമായ ക്ലിഫുകൾ ഇന്ന് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. ഭൂമിശാസ്ത്രപരമായ ഈ അത്ഭുതത്തെ സംരക്ഷിക്കാനായി സർക്കാർ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിദത്തമായ ഈ സൗന്ദര്യം വരുംതലമുറയ്ക്കായി നിലനിർത്താൻ ക്ലിഫ് മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇത് ടൂറിസത്തോടൊപ്പം പരിസ്ഥിതിക്കും പ്രാധാന്യം നൽകുന്ന ഒരു പുതിയ സംസ്കാരം വർക്കലയിൽ കൊണ്ടുവരുന്നു.
വെറുതെ കടൽ നോക്കി ഇരിക്കുക മാത്രമല്ല, തിരമാലകൾക്കൊപ്പം സാഹസികത തേടുന്നവർക്കും വർക്കല പ്രിയപ്പെട്ട ഇടമാണ്. സർഫിംഗ് പഠിക്കാനും കടലിന് മുകളിലൂടെ പാരാഗ്ലൈഡിംഗ് നടത്തി ആകാശത്തുനിന്ന് വർക്കലയെ നോക്കിക്കാണാനും ഇന്ന് നിരവധി സൗകര്യങ്ങളുണ്ട്. ക്ലിപ്പിന് മുകളിലെ കഫേകളിൽ ഇരുന്ന് കാപ്പികുടിക്കുമ്പോൾ അനുഭവപ്പെടുന്ന ആ കുളിർകാറ്റും ദൂരെയുള്ള ചക്രവാളവും ഏതൊരു യാത്രികനെയും വീണ്ടും ഇവിടേക്ക് വിളിക്കും.
അലതല്ലുന്ന കടലിനപ്പുറം വർക്കലയ്ക്ക് ശാന്തമായ മറ്റൊരു മുഖം കൂടിയുണ്ട്. ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ ശിവഗിരി മഠവും പുരാതനമായ ജനാർദ്ദനസ്വാമി ക്ഷേത്രവും ഈ മണ്ണിന് ഒരു പുണ്യനഗരത്തിന്റെ പരിവേഷം നൽകുന്നു. പാപനാശം ബീച്ചിലെ തിരമാലകളിൽ മുങ്ങി നിവരുമ്പോൾ ലഭിക്കുന്ന ആത്മീയ സംതൃപ്തി തേടി ഇന്നും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആളുകൾ എത്തുന്നു.
















