സ്ത്രീകൾ ഇന്ന് ഒറ്റക്ക് ആത്മവിശ്വാസത്തോടെ ലോകം ചുറ്റുന്നകാലമാണ്. ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയുടെ വിമൻ പീസ് ആൻഡ് സെക്യൂരിറ്റി (ഡബ്ല്യുപിഎസ്) സൂചിക, ഗ്ലോബൽ പീസ് ഇൻഡക്സ് എന്നിവയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം.
∙ കോസ്റ്റാറിക്ക: സർഫിങ്ങും സമാധാനവും
ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളിലൊന്നായ കോസ്റ്റാറിക്ക, സുരക്ഷാ സൂചികയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. ഡബ്ല്യുപിഎസ് സൂചികയിൽ 60-ാം സ്ഥാനത്ത് നിന്ന് 34-ാം സ്ഥാനത്തേക്ക് രാജ്യം കുതിച്ചു ചാടി. ഡിജിറ്റൽ നോമാഡ് വീസയുടെ വരവോടെ സോളോ ട്രാവലേഴ്സിന്റെ പ്രിയപ്പെട്ട ഇടമായി കോസ്റ്റാറിക്ക മാറിയിരിക്കുകയാണ്.
നിക്കോയ പെനിൻസുലയിലെ സാന്താ തെരേസ, നൊസാറ എന്നിവിടങ്ങൾ സർഫിങ്ങും യോഗയും ഇഷ്ടപ്പെടുന്നവരെ മാടി വിളിക്കും. കരീബിയൻ തീരത്തെ പ്യൂർട്ടോ വിജോ സമാധാനം ആഗ്രഹിക്കുന്നവർക്ക് ശാന്തമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. ഒറ്റപ്പെടൽ ഒഴിവാക്കാൻ ബോട്ടിക് ഹോട്ടലുകളോ സോഷ്യൽ ഗസ്റ്റ് ഹൗസുകളോ തിരഞ്ഞെടുക്കാം. യാത്രയുടെ തുടക്കത്തിൽ തന്നെ ഒരു ഗൈഡഡ് ഹൈക്കിങ്ങോ സർഫ് ക്ലാസോ ബുക്ക് ചെയ്യുന്നത് പുതിയ ആളുകളെ പരിചയപ്പെടാൻ സഹായിക്കും.
∙ എസ്റ്റോണിയ: ചരിത്രപ്രേമികൾക്കായി ഒരു ഇടം
കുറഞ്ഞ കുറ്റകൃത്യ നിരക്കും രാഷ്ട്രീയ സ്ഥിരതയും എസ്റ്റോണിയയെ സോളോ ട്രാവലേഴ്സിന്റെ സ്വർഗമാക്കുന്നു. ഡബ്ല്യുപിഎസ് സൂചികയിൽ 11-ാം സ്ഥാനത്താണ് ഈ രാജ്യം. തലസ്ഥാനമായ ടാലിനിലെ യുനെസ്കോ പൈതൃക പട്ടികയിലുള്ള ഓൾഡ് ടൗൺ ഒറ്റയ്ക്ക് എക്സ്പ്ലോർ ചെയ്യാൻ വളരെ എളുപ്പമാണ്. എസ്റ്റോണിയയിലെ പൊതുഗതാഗതവും തെരുവുകളും വളരെ സുരക്ഷിതമാണ്. രാത്രികാലങ്ങളിലും ഭയമില്ലാതെ നടക്കാൻ കഴിയുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണിത്. കീക്ക് ഇൻ ഡി കോക്ക് മ്യൂസിയം, ബാസ്റ്റിയൻ ടണലുകൾ എന്നിവ ചരിത്രപ്രേമികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഇനി പ്രകൃതിഭംഗിയാണ് നിങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ തബസാലു നേച്ചർ പാർക്ക് നിങ്ങളെ നിരാശപ്പെടുത്തില്ല.
∙ വിയറ്റ്നാം: ഹോംസ്റ്റേ ആണ് മെയിൻ
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ഗ്ലോബൽ പീസ് ഇൻഡക്സിൽ 38-ാം സ്ഥാനത്തുള്ള ഈ രാജ്യം സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ മികച്ച നിലവാരം പുലർത്തുന്നു. ഇവിടുത്തെ പ്രാദേശിക സംസ്കാരവും ഭക്ഷണവും ജനങ്ങളും സഞ്ചാരികളോട് വളരെ സൗഹൃദപരമായാണ് പെരുമാറുന്നത്.
സാ പായിലെ ട്രെക്കിങ്, മെകോങ് ഡെൽറ്റയിലെ ഹോംസ്റ്റേകൾ എന്നിവ പ്രാദേശിക ജീവിതം അടുത്തറിയാൻ സഹായിക്കും. വിയറ്റ്നാമീസ് സംസ്കാരം ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ ഹോംസ്റ്റേകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.
∙ ഉറുഗ്വേ: സൗത്ത് അമേരിക്കയിലെ സമാധാനദ്വീപ്
സൗത്ത് അമേരിക്കയിലെ ഏറ്റവും സമാധാനപരമായ രണ്ടാമത്തെ രാജ്യമാണ് ഉറുഗ്വേ. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വളരെ കുറവായ ഇവിടെ നീതിയും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങൾ ശക്തമാണ്. ശാന്തമായ ജീവിതശൈലിയും സ്വാഗതം ചെയ്യുന്ന ജനതയുമാണ് ഉറുഗ്വേയുടെ കരുത്ത്.
ചരിത്രമുറങ്ങുന്ന കൊളോണിയ ഡെൽ സാക്രമെന്റോ, ബീച്ചുകൾക്ക് പേരുകേട്ട പുന്റ ഡെൽ ഡയാബ്ലോ എന്നിവ രാജ്യത്തെ ‘മസ്റ്റ് വിസിറ്റ് സ്പോട്ടിൽ’ ഉൾപ്പെടുന്നു. തലസ്ഥാനമായ മോണ്ടെവിഡിയോയിൽ സൈക്കിൾ യാത്രകൾ ആസ്വദിക്കാനും മറക്കരുത്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ഉറുഗ്വേ കാർണിവൽ ലോകപ്രസിദ്ധമാണ്. വലിയ തിരക്കില്ലാതെ ആഘോഷങ്ങൾ ആസ്വദിക്കാൻ പറ്റിയ സമയമാണിത്.
∙ നോർവേ: പ്രകൃതിയുടെ വിസ്മയം
സുരക്ഷയുടെയും തുല്യതയുടെയും കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് നോർവേ. ഇവിടുത്തെ ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ സഞ്ചാരികൾക്കും വലിയ ആത്മവിശ്വാസം നൽകുന്നു. സ്വാൽബാർഡ്, ലോഫോടെൻ ദ്വീപുകൾ, നോത്തേൺ ലൈറ്റ്സ് തുടങ്ങിയ വിസ്മയ കാഴ്ചകൾ കാണാതെ തിരിച്ച് വണ്ടി കയറാൻ നിൽക്കരുത്. കൂടാതെ, നോർവേയിലെ ഉൾനാടൻ ഗ്രാമങ്ങൾ കണ്ട് മനസ്സിലാക്കാൻ ഒരു കാറോ സ്കൂട്ടറോ വാടകയ്‌ക്കെടുക്കുന്നത് നല്ലതാണ്. അവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി കാബിനുകളിൽ (Rorbuer) താമസിക്കുന്നത് ഒരു പ്രത്യേക അനുഭവം ആയിരിക്കും.
















