ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത്തും എം.പിയും കേന്ദ്ര മന്ത്രിയുമായി ചിരാഗ് പാസ്വാനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കങ്കണ റണാവത്ത്.
ഇരുവരേയും പൊതു പരിപാടികളിൽ ഒരുമിച്ച് കണ്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത് ആരാധകർക്കിടയിൽ ആകാംക്ഷ വർധിപ്പിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ചർച്ചകൾക്ക് നേരിട്ട് മറുപടിയുമായി താരം രംഗത്തെത്തിയത്. എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ, കങ്കണ ചിരാഗ് പാസ്വാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയും ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള വാർത്തകളെ തള്ളിക്കളയുകയും ചെയ്തു.
‘ഞങ്ങൾ പ്രണയത്തിലല്ല, ചിരാഗ് എന്റെ സുഹൃത്താണ്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാൻ സത്യസന്ധമായി പറയാം. ഞങ്ങൾ തമ്മിൽ പ്രണയമൊന്നുന്നില്ല. അദ്ദേഹം 10 വർഷം മുമ്പ് എന്നോടൊപ്പം ഒരു സിനിമ ചെയ്തു, അങ്ങനെയാണ് പരസ്പരം അറിയുന്നത്. പ്രണയമുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കിപ്പോൾ കുട്ടികളുണ്ടാകുമായിരുന്നു,’ കങ്കണ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷവും തങ്ങളുടെ സുഹൃത്ബന്ധം മാറിയിട്ടില്ലെന്നും അവർ കൂടുതൽ വിശദീകരിച്ചു.
‘എനിക്ക് പ്രണയിക്കണമെങ്കിൽ, അത് സംഭവിച്ചേനെ. അതൊന്നും നടക്കുന്നില്ല. നിങ്ങൾക്കറിയാമോ, അത് സൗഹൃദപരം മാത്രമാണ്. അദ്ദേഹവും സിനിമാരംഗത്തു നിന്നുള്ള ആളായതുകൊണ്ട്, എനിക്ക് അദ്ദേഹത്തോടൊപ്പം വളരെ നല്ലരീതിയിൽ നിൽക്കാനാകാറുണ്ട്.
2011-ൽ പുറത്തിറങ്ങിയ ‘മിലേ നാ മിലേ ഹം’ എന്ന പ്രണയചിത്രത്തിലാണ് കങ്കണയും ചിരാഗ് പാസ്വാനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. തൻവീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് ചിരാഗ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. കങ്കണയായിരുന്നു ചിത്രത്തിലെ നായിക. ‘എമർജൻസി’ ആണ് കങ്കണ ഏറ്റവുമൊടുവിൽ അഭിനയിച്ച സിനിമ.
















