മോളിവുഡ് താരങ്ങളുടെ അൾട്ടിമേറ്റ് സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായി ഇപ്പോൾ മഹീന്ദ്ര ഥാർ മാറിയിരിക്കുകയാണ്. നടൻ കുഞ്ചാക്കോ ബോബനും അനുശ്രീയുമാണ് ഇപ്പോൾ ഓഫ്-റോഡ് പ്രേമികളുടെ ലീഗിൽ ചേരുന്ന ഏറ്റവും പുതിയ താരങ്ങൾ. ഥാർ റോക്സാണ് കുഞ്ചാക്കോ ബോബൻ തിരഞ്ഞെടുത്തതെങ്കിൽ അനുശ്രീ ഥാറിന്റെ മൂന്ന് ഡോർ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഭാര്യയ്ക്കുള്ള പിറന്നാൾ സമ്മാനമായാണ് കുഞ്ചാക്കോ ബോബൻ ഥാർ റോക്സ് നൽകിയത്. ഇന്ത്യയിലെ ആദ്യത്തെ സിട്രിൻ യെല്ലോ മഹീന്ദ്ര ഥാർ റോക്‌സാണ് ഇതെന്ന് മഹീന്ദ്ര വിതരണക്കാർ പറയുന്നു. ഥാർ റോക്സിന്റെ സ്പെഷ്യൽ എഡിഷനായി എത്തിയ സ്റ്റാർ എഡിഷൻ മോഡലാണ് പ്രിയയ്ക്ക് സമ്മാനമായി നൽകിയത്. 16.85 ലക്ഷം രൂപ മുതൽ 18.45 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്.
ഥാർ റോക്സിന്റെ റിയർ വീൽ ഡ്രൈവ് പതിപ്പിന്റെ ഉയർന്ന മോഡലിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള സ്റ്റാർ എഡിഷനിൽ കോസ്മെറ്റിക് മാറ്റങ്ങൾക്കാണ് പ്രധാന്യം നൽകിയിരിക്കുന്നത്. പെട്രോൾ എൻജിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഡീസൽ എൻജിനൊപ്പം ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളും നൽകിയാണ് ഥാർ റോക്സിന്റെ ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്. സിട്രൈൻ യെല്ലോ കൂടാതെ സ്റ്റെൽത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ് എന്നീ നിറങ്ങളിലും സ്റ്റാർ എഡിഷൻ ലഭിക്കും. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലും 19 ഇഞ്ച് അലോയി വീലും ഈ മോഡലിന്റെ സവിശേഷതയാണ്.റിയർ വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രമാണ് ഈ പ്രത്യേക പതിപ്പ് എത്തുന്നത്. പെട്രോൾ എൻജിനിൽ ഓട്ടോമാറ്റിക്കും ഡീസലിനൊപ്പം രണ്ട് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.
അനുശ്രീ ഥാറിന്റെ നാലു വീൽ ഡ്രൈവ് മോഡലാണ് സ്വന്തമാക്കിയത്. ഓഫ് റോഡ് ഡ്രൈവുകൾ ഇഷ്ടപ്പെടുന്ന അനുശ്രീ കറുപ്പ് നിറത്തിലുള്ള എൽഎക്സ്ടി ഡി ഓട്ടമാറ്റിക്ക് 4×4 മോഡലാണ് ഗാരിജിലെത്തിച്ചത്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എൻജിനാണ് ഈ കരുത്തൻ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് 130 ബിഎച്ച്പി പവറും 300 എൻഎം ടോര്‍ക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതിൽ. ഏകദേശം 17.60 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്-ഷോറൂം വില.
















