വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാത്തത് രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി. ബില്ലിനെ എതിർത്ത പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ സ്ത്രീകളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി വനിതാ ബിൽ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക സിറ്റിംഗ് പൂർത്തിയാക്കി ലോക്സഭയും രാജ്യസഭയും ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.
വനിതാ ബില്ലിനെ പ്രതിപക്ഷം എതിർത്തതിൽ പ്രതിഷേധിച്ച് എൻഡിഎ എംപിമാർ ഇന്ന് പാർലമെന്റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തും. ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംരക്ഷണ നിയമ ഭേദഗതി ബിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
എൻഡിഎയ്ക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസ് മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ലോക്സഭയിൽ പരാജയപ്പെട്ടതിനാൽ ബിൽ രാജ്യസഭയിൽ പരിഗണിച്ചില്ല.
ബില്ലിനെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ സമാനചിന്താഗതിയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് പ്രതിരോധിക്കുമെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്.
രാവിലെ 11 മണിക്ക് തന്നെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിക്കും. ഇതിന് പിന്നാലെ പാർലമെന്റ് മന്ദിരത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗവും ചേരും.
















